Friday, June 18, 2021
Home Gulf Qatar 2022 ലോക കപ്പിലേക്ക് ഒരു ചുവട് കൂടി; എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം അമീര്‍ ഉദ്ഘാടനം ചെയ്തു

2022 ലോക കപ്പിലേക്ക് ഒരു ചുവട് കൂടി; എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം അമീര്‍ ഉദ്ഘാടനം ചെയ്തു

ദോഹ: കോവിഡിനെതിരേ പൊരുതുന്ന മെഡിക്കല്‍ ഹീറോകള്‍ക്ക് ആദരമര്‍പ്പിച്ച് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും കായിക ലോകത്തിന് ആശ്വാസവും പ്രതീക്ഷയും പകര്‍ന്നാണ് ഖത്തര്‍ മൂന്നാമത്തെ ലോകകപ്പ് സ്റ്റേഡിയവും സജ്ജമായെന്ന് ലോകത്തെ അറിയിക്കുന്നത്. 2022 ലോകകപ്പിനായി ഖത്തര്‍ മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കിയ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ആഘോഷവുമാണ് ഇന്ന് നടന്നത്. വെര്‍ച്വല്‍ ആഘോഷം ബിഇന്‍ സ്‌പോര്‍ട്‌സ് തല്‍സമയം സംപ്രേക്ഷണം ചെയ്തു.

 

ഇംഗ്ലീഷ് അറബി ഭാഷകളിലായി ഒരു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള ഷോയാണ് നടന്നത്. 2022 ലോകകപ്പ് പദ്ധതികളുടെ സിഇഒ നാസര്‍ അല്‍ ഖാതിര്‍, ഫിഫ പ്രസിഡന്റി ഗിയാനി ഇന്‍ഫാന്റിനോ തുടങ്ങിയവര്‍ പങ്കെടുത്തു. വര്‍ണവൈവിധ്യമാര്‍ന്ന കലാവിരുന്നിനൊപ്പം സ്റ്റേഡിയം നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികള്‍ക്കുള്ള ആദരവും കോവിഡിനെതിരേ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു ജീവനക്കാര്‍ക്കുള്ള ആദരവും ചടങ്ങില്‍ നടന്നു.

നാല്‍പ്പതിനായിരം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം ഖത്തര്‍ ഫൌണ്ടേഷന് കീഴിലുള്ള എജുക്കേഷന്‍ സിറ്റിക്കകത്താണ് പണിതുയര്‍ത്തിയിരിക്കുന്നത്. ലോക കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന അമീരി കപ്പ് ഫൈനലിന് വേദിയായി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഈ വര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍ ജനൂബ് എന്നിവയാണ് ഇതിനകം ഉദ്ഘാടനം ചെയ്യപ്പെട്ട സ്റ്റേഡിയങ്ങള്‍. പണി പൂര്‍ത്തിയായ അല്‍ ബെയ്ത്ത്, അല്‍ റയ്യാന്‍ സ്റ്റേഡിയങ്ങളും ഈ വര്‍ഷത്തോടെ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Amir addresses celebration marking Education City Stadium completion; greets Covid-19 frontline workers


 

Most Popular