Tuesday, September 21, 2021
Home News International തുര്‍ക്കിയിലെ കാട്ടുതീ: രക്ഷാ പ്രവര്‍ത്തനത്തിന് ഖത്തര്‍ ലഖ്‌വിയ ടീം

തുര്‍ക്കിയിലെ കാട്ടുതീ: രക്ഷാ പ്രവര്‍ത്തനത്തിന് ഖത്തര്‍ ലഖ്‌വിയ ടീം

ദോഹ: തുര്‍ക്കിയിലുണ്ടായ വന്‍കാട്ടൂതീയെ നേരിടാന്‍ ഖത്തര്‍ രക്ഷാപ്രവര്‍ത്തന സംഘവും. ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയിലെ(ലഖ്‌വിയ) ഖത്തര്‍ ഇന്റര്‍നാഷനല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ഗ്രൂപ്പ് ടീമിനെ തുര്‍ക്കിയിലേക്ക് അയക്കാന്‍ അമീര്‍ ഉത്തരവിട്ടു. ബുധനാഴ്ച്ച മുതല്‍ തെക്കന്‍ തുര്‍ക്കിയെ വിഴുങ്ങിയ കാട്ടുതീയില്‍ ഇതിനകം ആറുപേര്‍ മരിക്കുകയും നിരവധി വീടുകള്‍ അഗ്നിക്കിരയാവുകയും ചെയ്തു. ഏക്കര്‍ കണക്കിന് കാട് ആണ് അഗ്നിയില്‍ ചാരമായത്.

ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് ആല്‍ഥാനിയും തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലുവും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് രക്ഷാദൗത്യത്തിന് ഖത്തര്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്.

കാട്ടുതീയില്‍ മരിച്ചവരുടെ കുടുംബങ്ങളോട് ഖത്തര്‍ സര്‍ക്കാരിന്റെ അനുശോചനം അറിയിച്ചു. എത്രയും പെട്ടെന്ന് ദുരന്തത്തില്‍നിന്ന് മോചിതരാവാന്‍ സാധിക്കട്ടെയെന്നും ഖത്തര്‍ ആശംസിച്ചു.

ശനിയാഴ്ച്ച ഈജിയന്‍ തീരത്തെ പ്രമുഖ ഹോളിഡേ റിസോര്‍ട്ടായ ബോഡ്‌റം ഭാഗത്തേക്കും തീ പടര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് ഇവിടെയുള്ള താമസക്കാരെയും ചില ഹോട്ടലുകളും ഒഴിപ്പിച്ചു. തെക്കന്‍ തുര്‍ക്കിയില്‍ വേനല്‍ക്കാലത്ത് കാട്ടുതീ പതിവാണെങ്കിലും ഇത്ര വ്യാപകമാവുന്നത് ആദ്യമാണ്.

Most Popular