Friday, July 23, 2021
Home Gulf Qatar തൊഴില്‍ നിയമ പരിഷ്‌കരണം കാര്യക്ഷമമായി നടപ്പാക്കാന്‍ ഫിഫ ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആംനസ്റ്റി

തൊഴില്‍ നിയമ പരിഷ്‌കരണം കാര്യക്ഷമമായി നടപ്പാക്കാന്‍ ഫിഫ ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആംനസ്റ്റി

വാഷിങ്ടണ്‍: ഖത്തറിലെ തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ ഫിഫ ഖത്തറിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോക കപ്പ് രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ക്ക് എക്കാലത്തും ഗുണകരമാവുന്ന ഒന്നായി മാറുമെന്ന് ഉറപ്പ് വരുത്തണമെന്ന് ആംനസ്റ്റി ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫന്റിനോയ്ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. ലോക കപ്പ് തുടങ്ങും മുമ്പ് തന്നെ തൊഴില്‍ നിയമ പരിഷ്‌കരണം പൂര്‍ണമായും നടപ്പാക്കി എന്നുറപ്പ് വരുത്തണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.

amnesty letter

ഖത്തറിലെ ചരിത്രപരമായ തൊഴില്‍ നിയമ പരിഷ്‌കരണം ഞായറാഴ്ച്ച മുതല്‍ നടപ്പില്‍ വന്നിരുന്നു. മേഖലയില്‍ തന്നെ ആദ്യമായി മിനിമം വേതനം നടപ്പാക്കുന്ന രാജ്യമായി അതോടെ ഖത്തര്‍ മാറി. നിയമലംഘകരെ കണ്ടെത്തുന്നതിന് കര്‍ശനമായ പരിശോധനാ സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് പ്രഖ്യാപിച്ചിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ്, എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം എടുത്തു കളഞ്ഞതും തൊഴില്‍ മാറാന്‍ എന്‍ഒസി വേണ്ടെന്ന നിബന്ധനയും ഖത്തര്‍ ഈയിടെ നടപ്പില്‍ വരുത്തിയ തൊഴില്‍ നിയമ പരിഷ്‌കരണങ്ങളില്‍ പെടുന്നു.

5,252 കമ്പനികള്‍ ഇതിനകം മിനിമം വേതന നിയമം നടപ്പിലാക്കിയിട്ടുണ്ട്. 222,042 തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആറ് മാസം മുമ്പ് എന്‍ഒസി സംവിധാനം എടുത്തു കളഞ്ഞതിന് ശേഷം ലക്ഷത്തിലേറെ ജീവനക്കാര്‍ പുതിയ ജോലിയിലേക്കു മാറിയതായും കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു.

തൊഴില്‍ നിയമ പരിഷ്‌കരണത്തില്‍ മാറ്റം വരുത്താനുള്ള ശൂറ കൗണ്‍സില്‍ ശുപാര്‍ശകളെ ആംനസ്റ്റി വിമര്‍ശിച്ചു. നിയമഭേദഗതിയുടെ പ്രയോജനം റദ്ദാക്കുന്നതാണ് ഈ ശുപാര്‍ശകളെന്ന് ആംനസ്റ്റിയുടെ കത്തില്‍ പറയുന്നു. അതേ സമയം, ശൂറ കൗണ്‍സില്‍ ശുപാര്‍ശകള്‍ അസ്വീകാര്യമാണെന്ന് ഖത്തരി ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു.
ALSO WATCH

Most Popular