Friday, April 23, 2021
Home Gulf Qatar ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിള്‍ പാത ഖത്തറില്‍; രണ്ട് ഗിന്നസ് റെക്കോഡുകളുമായി അശ്ഗാല്‍

ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിള്‍ പാത ഖത്തറില്‍; രണ്ട് ഗിന്നസ് റെക്കോഡുകളുമായി അശ്ഗാല്‍

ദോഹ: റോഡ് നിര്‍മാണ രംഗത്ത് രണ്ട് ഗിന്നസ് റെക്കോഡുകളിട്ട് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍. ലോകത്തെ ഏറ്റവും നീളം കൂടിയ സൈക്കിള്‍ പാത നിര്‍മിച്ചതിനും ജോയിന്റുകളില്ലാതെ ഏറ്റവും നീളം കൂടിയ റോഡ് ടാറിങിനുമാണ്(Longest Piece of Asphalt Concrete Laid Continuously) ലോക റെക്കോഡുകള്‍ നേടിയത്

ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് ഔദ്യാഗിക വിധികര്‍ത്താവായ ഡാനി ഹിക്സനാണ് ഫലം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി 25.275 കിലോമീറ്റര്‍ നീളത്തിലാണ് ഒരൊറ്റ ജോയിന്റ് പോലുമില്ലാതെ റോഡ് ടാര്‍ ചെയ്തത്. 32.869 കിലോമീറ്ററാണ് ലോക റെക്കോഡ് നേടിയ സൈക്കിള്‍ പാതയുടെ നീളം.

65 കിലോമീറ്റര്‍ നീളത്തിലുള്ള അല്‍ഖോര്‍ റോഡ് പദ്ധതിയുടെ ഭാഗമായാണ് രണ്ട് നേട്ടങ്ങളും കൈവരിച്ചത്. 27 ദിവസം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. ഇതില്‍ 10 ദിവസം വിശ്രമമില്ലാത്ത രീതിയിലാണ് പണി തുടര്‍ന്നത്. ഈ സമയത്താണ് 25 കിലോമീറ്റര്‍ നീളത്തില്‍ ജോയിന്റുകളില്ലാതെ റോഡ് ടാറിങ് പൂര്‍ത്തിയാക്കിയത്.

സുരക്ഷിതവും ദീര്‍ഘവുമായ സൈക്കിള്‍ പാത ഒരുക്കുക എന്ന അശ്ഗാല്‍ ലക്ഷ്യത്തിന്റെ ഭാഗമാണ് ഒളിംപിക് സൈക്ലിങ് ട്രാക്കെന്ന് അശ്ഗാല്‍ ഹൈവേ പ്രൊജക്ട്‌സ് ഡിപാര്‍ട്ട്‌മെന്റ് മാനേജര്‍ ബദര്‍ ദാര്‍വിഷ് പറഞ്ഞു. ഇത് ഖത്തറിലെ ജനങ്ങളെ ആരോഗ്യകരമായ ജീവിത രിതിയിലേക്ക് മാറ്റുമെന്നും 2022ഓടെ 2,650 കിലോമീറ്റര്‍ സൈക്കിള്‍-നടപ്പാതകള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Most Popular