ദോഹ: ഖത്തറില്‍ അശ്ഗാല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുതിയ പാര്‍ക്ക് പദ്ധതി തന്റെ ഡിസൈനാണെന്ന് അവകാശപ്പെട്ട് ഖത്തരി കലാകാരന് അബ്ദുല്‍ ഹമീദ് അല്‍ സിദ്ദിഖി രംഗത്ത്. എന്നാല്‍, സിദ്ദീഖിയുടെ അവകാശവാദം അശ്ഗാല്‍ പൂര്‍ണമായും തള്ളി.
ഖത്തര്‍ മാപ്പിന്റെ രൂപത്തില്‍ ചെടികള്‍ കൊണ്ട് തീര്‍ത്ത മേസ്(ദുര്‍ഘടമായ അനേകം ചുറ്റുകളുള്ള വഴി) ആണ് വിവാദത്തിന് ഇടയാക്കിയത്. ഉപരോധത്തിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു അശ്ഗാല്‍ ഉനൈസയില്‍ നിര്‍മിക്കുന്ന പൊതു ഉദ്യാനത്തിന്റെ ഫിംഗര്‍ പ്രിന്റ് മാതൃക തന്റെ ബൗദ്ധിക സ്വത്തവകാശത്തില്പ്പെട്ടതാണെന്നാണ് അല്‍ സിദ്ദിഖി കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പ്രതികരിച്ചത്. ഇക്കാര്യത്തില്‍ അശ്ഗാലിന് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തണമെന്നും സിദ്ദിഖി ആവശ്യപ്പെട്ടിരുന്നു.
എന്‍ജിനീയര്‍ ഹിസ്സ അല്‍ കഅബിയുടെ നേതൃത്വത്തിലുള്ള അശ്ഗാല്‍ എന്‍ജിനീയറിങ് ടീം തയ്യാറാക്കിയതാണ് ഈ ഡിസൈന്‍. പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഉണ്ടാക്കിയതാണ് ഈ രൂപകല്‍പ്പന. ആ സമയത്ത് മേസ് ആശയം ഒരു കലാകാരനും അവതരിപ്പിച്ചിരുന്നില്ല. പകര്‍പ്പവകാശ നിയമപ്രകാരം ഗണിത ആശയം ആര്‍ക്കും കുത്തകയാക്കി വെക്കാനാവില്ലെന്ന് അശ്ഗാല്‍ ചൂണ്ടിക്കാട്ടി.
ചെടികള്‍ കൊണ്ടുള്ള മേസ് ലോകത്തെ മിക്ക പൊതു ഉദ്യാനങ്ങളിലും കാണുന്ന ഒന്നാണ്. മാപ്പിന്റെ രൂപത്തില്‍ ഇത് നിര്‍മിച്ച് അതിന് ഒരു ഖത്തരി സ്പര്‍ശം നല്‍കുകയാണ് അശ്ഗാല്‍ ചെയ്തത്. ഖത്തറിലെ പ്രധാന നഗരങ്ങളെ അടയാളപ്പെടുത്തുന്ന രീതിയിലാണ് അതിലെ വിളക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. അശ്ഗാലിന്റെ ഡിസൈനും സിദ്ദീഖിയുടെ വിരലടയാള മാതൃകയിലുള്ള ഖത്തര്‍ മാപ്പും തികച്ചും വ്യത്യസ്തമാണ്. വിരലടയാളവും ഖത്തര്‍ മാപ്പും ബന്ധപ്പെടുത്തുന്ന രൂപകല്‍പ്പന 2016ല്‍ നടത്തിയ ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ്സ് കൗണ്‍സില്‍ മല്‍സരത്തില്‍ ചിലര്‍ അവതരിപ്പിച്ചിരുന്നതാണെന്നും അശ്ഗാല്‍ വ്യക്തമാക്കി.