News Flash
X
നിങ്ങളുടെ എടിഎം കാര്‍ഡ് ബ്ലോക്കായി എന്ന സന്ദേശം കിട്ടിയോ; സൂക്ഷിക്കുക അതൊരു കെണിയാണ്

നിങ്ങളുടെ എടിഎം കാര്‍ഡ് ബ്ലോക്കായി എന്ന സന്ദേശം കിട്ടിയോ; സൂക്ഷിക്കുക അതൊരു കെണിയാണ്

personmtp rafeek access_timeThursday July 2, 2020
HIGHLIGHTS
എടിഎം കാര്‍ഡ് ബ്ലോക്കായി എന്ന വ്യാജ സന്ദേശമയച്ച് പണം തട്ടുന്ന സംഘം വിലസുന്നതായി സൂചന.

ദോഹ: എടിഎം കാര്‍ഡ് ബ്ലോക്കായി എന്ന വ്യാജ സന്ദേശമയച്ച് പണം തട്ടുന്ന സംഘം വിലസുന്നതായി സൂചന. ഖത്തറില്‍ നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചത്. വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ബാങ്ക് കാര്‍ഡ് ബ്ലോക്ക് ചെയ്തുവെന്ന വ്യാജ സന്ദേശം രാജ്യത്തെ നിരവധി പേര്‍ക്ക് ലഭിച്ച സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരമൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

സുരക്ഷാ കാരണങ്ങളാല്‍ എ.ടി.എം കാര്‍ഡ് താല്‍ക്കാലികമായി റദ്ദാക്കിയെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് സി.ഐ.ഡി ഖത്തറിനെ ബന്ധപ്പെടുകയെന്നുമുള്ള സന്ദേശമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്ക് ലഭിച്ചത്. അതില്‍ കൊടുത്തിട്ടുള്ള നമ്പറില്‍ വിളിച്ചാല്‍ എടിഎം സംബന്ധമായി വിശദാംശങ്ങള്‍ ചോദിച്ചു മനസ്സിലാക്കി പണം തട്ടുകയാണ് ചെയ്യുന്നത്. കൊവിഡുമായി ബന്ധപ്പെടുത്തിയും ഇത്തരം എസ്എംഎസ് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് കോളിങ് സംവിധാനം ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നത്.

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ അവ അവഗണിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ലഭിച്ചാല്‍ മന്ത്രാലയത്തിലെ സാമ്പത്തിക സൈബര്‍ കുറ്റകൃത്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാം.

മെട്രാഷ്-2 ആപ്പ് മുഖേനയും കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമുണ്ട്. കൂടാതെ 66815757 എന്ന ഹോട്ട്‌ലൈനിലോ 2347444 എന്ന ടെലിഫോണ്‍ നമ്പരിലോ [email protected] എന്ന ഇ-മെയിലിലോ റിപ്പോര്‍ട്ട് ചെയ്യാം.

SHARE :
folder_openTags
content_copyCategory