Saturday, May 15, 2021
Home Gulf Qatar കോവിഡ് കേസുകള്‍ ഉയരുന്നത് തുടര്‍ന്നാല്‍ ഖത്തറില്‍ സ്‌കൂളില്‍ ഹാജരാവേണ്ട കുട്ടികളുടെ എണ്ണം കുറയ്ക്കും

കോവിഡ് കേസുകള്‍ ഉയരുന്നത് തുടര്‍ന്നാല്‍ ഖത്തറില്‍ സ്‌കൂളില്‍ ഹാജരാവേണ്ട കുട്ടികളുടെ എണ്ണം കുറയ്ക്കും

ദോഹ: ഖത്തറില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് തുടര്‍ന്നാല്‍ സ്‌കൂളില്‍ കുട്ടികളുടെ ഹാജര്‍ നിരക്കില്‍ കുറവ് വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തി ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക കമ്മിറ്റിയുമായി സഹകരിച്ചാണ് കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിദ്യാഭ്യാസ വര്‍ഷം കുട്ടികളുടെ ഹാജര്‍ ശതമാനം 50 ശതമാനത്തില്‍ കൂട്ടിയിട്ടില്ലെന്ന് മന്ത്രിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്തു. രണ്ടാം സെമസ്റ്ററില്‍ കുട്ടികളുടെ ഹാജര്‍ നിരക്ക് 50 ശതമാനത്തില്‍ കൂടിയതായി ഞാന്‍ കരുതുന്നില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭിക്കാന്‍ ഒക്ടോബര്‍ ആവും. ഈ വിദ്യാഭ്യാസ വര്‍ഷം 50 ശതമാനം ഹാജര്‍ പരമാവധിയാണ്. കോവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ അത് കുറയും-മന്ത്രി പറഞ്ഞു.

കോവിഡ് വാക്‌സിനേഷന്‍ ആദ്യ ഘട്ടങ്ങളില്‍ തന്നെ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ഉള്‍പ്പെടുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സ്‌കൂള്‍ ജീവനക്കാരുടെ പട്ടിക ആരോഗ്യ മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും അല്‍ ഹമ്മാദി കൂട്ടിച്ചേര്‍ത്തു.

Most Popular