
അസീം ടെക്നോളജീസ് കള്‍ച്ചറല്‍ ഫോറം-എക്സ്പാറ്റ് സ്പോട്ടീവ് 2021 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍; ടീം രജിസ്ട്രേഷന് തുടങ്ങി
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തര്‍ സാംസ്കാരിക-കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന അഞ്ചാമത് കായികമേള ‘അസീം ടെക്നോളജീസ് കള്‍ച്ചറല്‍ ഫോറം-എക്സ്പാറ്റ് സ്പോട്ടീവ് 2021 ‘ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടക്കും. പൂര്‍ണ്ണമായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന മേളക്കുള്ള ടീം രജിസ്ട്രേഷന് ആരംഭിച്ചു.
ഗ്രൂപ്പ് എ: 20 മുതല്‍ 30 വയസ്സ് വരെയുള്ളവര്‍, ഗ്രൂപ്പ് ബി: 30 വയസ്സിന് മുകളിലുള്ളവര്‍, ഗ്രൂപ്പ് സി 40 വയസ്സിനു മുകളിലുള്ളവര്‍ ഗ്രൂപ്പ് ഡി : വനിത എന്നിങ്ങനെ 4 വിഭാഗങ്ങളിലാണ് മല്‍സരം. 20 വയസ്സിന് മുകളിലുള്ള വനിതകള്‍ക്കാണ് മല്‍സരങ്ങളില്‍ പങ്കെടുക്കാവുന്നത്.
ഗ്രൂപ്പ് എ വിഭാഗത്തില്‍ ഓട്ടം 100, 200, 1500 മീറ്റര്‍, 4×100 മീറ്റര്‍ റിലെ, ലോങ്ങ്ജംബ്, ഹൈജംബ്, എന്നീ മത്സരങ്ങളും ഗ്രൂപ്പ് ബി വിഭാഗത്തില്‍ 100, 200, 800 മീറ്റര്‍ ഓട്ടം, 4×100 മീറ്റര്‍ റിലെ, ജാവലിന്‍, ഷോട്പുട്ട്, ആംറസലിങ്ങ് എബൗ എയ്റ്റി, ബിലോ എയ്റ്റി ഗ്രൂപ്പ് സി വിഭാഗത്തില്‍ 1 00, 800 മീറ്റര്‍,, ഷോട്ട്പുട്ട് എന്നീ മത്സരങ്ങളുമാണ് ഉണ്ടാവുക. വനിതകള്‍ക്കായി (ഗ്രൂപ്പ് സി) 100 മീറ്റര്‍ ഓട്ടം, 200 മീറ്റര്‍ ഓട്ടം, 4×100 മീറ്റര്‍ റിലെ, ലോങ്ങ്ജംബ്, കമ്പവലി, ജാവലിന്‍, ഷോട്പുട്ട്, ആംറസലിങ്ങ് എബൗ എയ്റ്റി, ബിലോ എയ്റ്റി എന്നീ മത്സരങ്ങളും നടക്കും.
വോളീബോള്‍, ബാഡ്മിന്റണ്‍ (ഡബിള്‍സ്), കമ്പവലി, പെനാല്‍റ്റി ഷൂട്ടൗട്ട് എന്നീ മത്സരങ്ങളും എക്സ്പാറ്റ് സ്പോര്‍ട്ടീവിന്റെ ഭാഗമായി നടക്കും. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഖത്തര്‍ ഐഡി നിര്‍ബന്ധമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 66931871 എന്നീ നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്, അല്‍ സദ്ദ് സ്പോര്‍ട്സ് ക്ലബ്, ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂള്‍, ഹമദ് അക്വാറ്റിക് സെന്റര്‍ എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍ നടന്നത്.
ആലോചന യോഗത്തില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ : താജ് ആലുവ അധ്യക്ഷത വഹിച്ചു .
സ്പോര്‍ട്സ് വിഭാഗം സെക്രട്ടറി താസിന് അമീന് പരിപാടികള്‍ വിശദീകരിച്ചു . വൈസ് പ്രസിഡന്റുമാരായ ശശിധരപണിക്കര്‍ , മുഹമ്മദ് കുഞ്ഞി , ആബിദ സുബൈര്‍, ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് റാഫി , മജീദലി , ട്രഷറര്‍ ബഷീര്‍ ടി കെ, സെക്രട്ടറിമാരായ അലവിക്കുട്ടി , അബ്ദുല്‍ഗഫൂര്‍, ചന്ദ്രമോഹന്, എന്നിവര്‍ സംസാരിച്ചു.