Monday, May 10, 2021
Home Gulf Bahrain അല്‍ ജസീറ ചാനല്‍ എപിസോഡിനെതിരേ ഖത്തറിന് നോട്ടീസ് നല്‍കി ബഹ്‌റയ്ന്‍

അല്‍ ജസീറ ചാനല്‍ എപിസോഡിനെതിരേ ഖത്തറിന് നോട്ടീസ് നല്‍കി ബഹ്‌റയ്ന്‍

ദോഹ: അല്‍ജസീറ ചാനല്‍ സംപ്രേക്ഷണം ചെയ്ത എപിസോഡിനെതിരേ ബഹ്‌റൈന്‍ ഖത്തറിന് പ്രതിഷേധ നോട്ടീസ് നല്‍കി. മാര്‍ച്ച് 7ന് സംപ്രേക്ഷണം ചെയ്ത ഔട്ട് ഓഫ് കോണ്‍ടക്‌സ്റ്റ് എന്ന പ്രോഗ്രാമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. നാദിര്‍ മത്രൂക്കിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഈ എപ്പിസോഡില്‍ 2015ല്‍ ബഹ്‌റൈന്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന പീഡനത്തെക്കുറിച്ചാണ് പറയുന്നത്.

ജയിലിലെ വൃത്തിഹീനമായ സാഹചര്യത്തിനെതിരേയും മോശം പെരുമാറ്റത്തിനെതിരേയും പ്രതിഷേധിച്ച തടവുകാരുടെ മൊഴികളെ അടിസ്ഥാനമാക്കി എഴുതിയതാണ് പുസ്തകമെന്നാണ് ഗ്രന്ഥകര്‍ത്താവായ സഫറാത്ത് പറയുന്നത്. തടവുകാരുടെ പ്രതിഷേധത്തെ ബഹ്‌റൈന്‍ ശക്തമായി അടിച്ചമര്‍ത്തുകയായിരുന്നു. ചെറിയ മുറികളിലേക്ക് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും പ്രതിഷേധം അവസാനിച്ച ശേഷവും തടവുകാരെ മര്‍ദ്ദിച്ചതായും റിപോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, അല്‍ജസീറ പ്രോഗ്രാമിനെതിരേ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. തെറ്റായ വിവരങ്ങളും ബഹ്‌റൈനെതിരായ പ്രചാരണത്തിന് വാടകയ്ക്ക് എടുത്ത ചിലരുടെ ആരോപണങ്ങളുമാണ് എപ്പിസോഡില്‍ ഉള്ളത്. ബഹ്‌റൈനും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കുമെതിരേ ദുരുദ്ദേശത്തോട് കൂടി പ്രവര്‍ത്തിക്കുന്ന വിദേശ കക്ഷികളില്‍ നിന്നുള്ള ഉത്തരവ് പ്രകാരം പ്രവര്‍ത്തിക്കുന്നവരാണ് ആരോപണത്തിന് പിന്നിലെന്ന് ഖത്തറിനും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും അറിയാവുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഉഭയ കക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് സഹായകരമായ പോസിറ്റീവ് നിലപാടുകള്‍ ഖത്തറില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും ബഹ്‌റൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

Most Popular