ദോഹ: ബര്‍ദ് അല്‍ അജൂസ് എന്നറിയപ്പെടുന്ന തണുപ്പ് കാലത്തിന്റെ അവസാന സീസണ് ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച് മാര്‍ച്ച് തുടക്കത്തില്‍ അവസാനിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. അന്തരീക്ഷ താപ നില കാര്യമായി കൂടിയ ശേഷം പെട്ടെന്ന് കുറയുന്ന കാലാവസ്ഥയാണ് ബര്‍ദ് അല്‍ അജൂസ് അഥവാ മുത്തശ്ശിയുടെ തണുപ്പ്.
ഒരു മുത്തശ്ശിയെക്കുറിച്ചുള്ള നാടോടിക്കഥയില്‍ നിന്നാണ് ബര്‍ദ് അല്‍ അജൂസ് എന്ന പ്രയോഗം വന്നത്. തണുപ്പ് കാലം അവസാനിച്ചു എന്ന കരുതി മുത്തശ്ശി ആടുകളുടെ രോമം കത്രിച്ചു കളയുകയും പെട്ടെന്നു വന്ന തണുത്ത വടക്കന്‍ കാറ്റില്‍ ആടുകള്‍ ചത്തുപോവുകയും ചെയ്തതായാണ് കഥ.
വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ ഖത്തറിലെ അന്തരീക്ഷ താപനില കാര്യമായി കുറയും. കുറഞ്ഞ താപനില 12 മുതല്‍ 19 ഡിഗ്രിവരെയായിരിക്കും. തുറന്ന സ്ഥലങ്ങളില്‍ ഇതിലും കുറയും. കൂടിയ താപനില 20-26 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. വ്യാഴാഴ്ച്ച വരെ അങ്ങിങ്ങായി മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.