Wednesday, June 23, 2021
Home Gulf Qatar ബഹുസ്വരതയുടെ കാവലാളാവുക: കെ. ടി ജലീല്‍

ബഹുസ്വരതയുടെ കാവലാളാവുക: കെ. ടി ജലീല്‍

ദോഹ: ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാര്‍ ബഹുസ്വരതയുടെ കാവലാളാവണമെന്നു കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു. ഏഴാമത് ഖത്തര്‍ മലയാളി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പുരോഗതിക്ക് സമാധാനവും സാഹോദര്യവും നിലനില്‍ക്കേണ്ടത് വളരെ അത്യാവശ്യമാണ്. മനുഷ്യര്‍ക്ക് പരസ്പരം വിശ്വസിക്കാന്‍ സാധിക്കണം. സ്വന്തം അയല്‍വാസിയെപ്പോലും അവിശ്വസിക്കുന്ന സ്ഥിതിവിശേഷം ഇപ്പോഴുണ്ട്, ഇതിനു മാറ്റം വരണം, അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ ഷറഫ് പി ഹമീദ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. അനിതരസാധാരണമായ ഇച്ഛാശക്തിയും സഹകരണ മനോഭാവവും പ്രവാസി മലയാളികള്‍ കോവിഡ് കാലഘട്ടത്തില്‍ കാഴ്ച വെച്ചിരുന്നതായും ഇത് തുടരണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. എന്‍കെ പ്രേമചന്ദ്രന്‍ എംപി, കെപി രാമനുണ്ണി, അഡ്വ ഫാത്തിമ തഹ്ലിയ, ഡോ ജാബിര്‍ അമാനി എന്നിവര്‍ പ്രഭാഷണം നടത്തി.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം ആമുഖ ഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി എന്‍ ബാബുരാജന്‍ (ഐ.സി.സി പ്രസിഡന്റ്), എസ്.എ.എം ബഷീര്‍ (പ്രസിഡന്റ് കെ.എം.സി.സി), കെടി അബ്ദുറഹിമാന്‍ (പ്രസിഡന്റ് സി.ഐ.സി) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മുജീബ് കുനിയില്‍ നന്ദി പറഞ്ഞു.

ചൊവ്വാഴ്ച ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വര്‍ത്തമാനം ഭാവി എന്ന വിഷയത്തില്‍ ചര്‍ച്ചാ സദസ്സ് നടക്കും, വെള്ളിയാഴ്ചയാണ് മാനവ മൈത്രി സംഗമവും സമാപന സമ്മേളനവും. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലും, മറ്റു ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലും വിവിധ പ്രദേശങ്ങളില്‍ പരിപാടികള്‍ തത്സമയം വീക്ഷിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ N-Light Media യൂട്യൂബ് ചാനലില്‍ (https://www.youtube.com/NLightMedia) ഓണ്‍ലൈന്‍ ആയാണ് ഇത്തവണ സമ്മേളനം നടക്കുന്നത്.

Most Popular