Friday, June 18, 2021
Home Gulf Qatar ഖത്തറിന്റെ ബിഇന്‍ സ്‌പോര്‍ട്‌സ് ചാനല്‍ ഉള്ളടക്കം മോഷണത്തിന് പിന്നില്‍ സൗദി അറേബ്യയെന്ന് ലോക വ്യാപാര സംഘടന

ഖത്തറിന്റെ ബിഇന്‍ സ്‌പോര്‍ട്‌സ് ചാനല്‍ ഉള്ളടക്കം മോഷണത്തിന് പിന്നില്‍ സൗദി അറേബ്യയെന്ന് ലോക വ്യാപാര സംഘടന

റിയാദ്: ഖത്തര്‍ ചാനലായ ബിഇന്‍ സ്‌പോര്‍ട്‌സിന്റെ ഉള്ളടക്കം മോഷ്ടിക്കുന്നതില്‍ സൗദി അറേബ്യ സര്‍ക്കാര്‍ ഉത്തരവാദിയാണെന്ന് ലോകവ്യാപാര സംഘടന(ഡബ്ല്യുടിഒ).

2017ല്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ സൗദി അറേബ്യ ബിഇന്‍ സ്‌പോര്‍ട്‌സ് ചാലിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രണ്ട് മാസത്തിന് ശേഷം സൗദിയിലെ ബിഔട്ട്ക്യു എന്ന ചാനില്‍ ബിഇന്‍ സ്‌പോര്‍ട്‌സിന്റെ വീഡിയോകള്‍ മോഷ്ടിച്ച് സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങി. സൗദി അറേബ്യയുടെ വാര്‍ത്താ സാറ്റലൈറ്റായ അറബ്‌സാറ്റ് ഉപയോഗിച്ചാണ് ബിഔട്ട്ക്യു സംപ്രേക്ഷണം നടത്തുന്നത്.

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ച്‌കൊണ്ടാണ് ബിഔട്ട്ക്യു സെറ്റ്‌ടോപ്പ് ബോക്‌സുകളില്‍ ബിഇന്‍ സ്‌പോര്‍ട്‌സ് വീഡിയോകള്‍ ലഭ്യമാക്കിയത്. സൂപ്പര്‍ ബൗള്‍, യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍, എന്‍ബിഎ ഫൈനല്‍സ്, ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍, 2018 ഫിഫ ലോക കപ്പിലെ 64 മല്‍സരങ്ങള്‍ എന്നിവ ഈ രീതിയില്‍ മോഷ്ടിച്ച് സംപ്രേക്ഷണം ചെയ്തിരുന്നു.

bein-building

ബിഔട്ട്ക്യു മോഷണത്തെ സൗദി സജീവമായി പ്രോല്‍സാഹിപ്പിച്ചുവെന്ന് ലോക വ്യാപാര സംഘടന ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര നിയമം ലംഘിച്ച്‌കൊണ്ടാണ് ഇത്. അത് ഇപ്പോഴും തുടരുകയാണ്.

ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതില്‍ സൗദി പരാജയപ്പെട്ടുവെന്നാരോപിച്ച് 2018 ഒക്ടോബര്‍ 1ന് ആണ് ഖത്തര്‍ ലോകവ്യാപാര സംഘടനയെ സമീപിച്ചത്. ഇതിന് മുമ്പ്, ഫിഫ, എഎഫ്‌സി, യുവേഫ, ബുണ്ടസ് ലിഗ, ലാലിഗ, ലിഗ സീരീ എ, എല്‍എഫ്പി, പ്രീമിയര്‍ ലീഗ് തുടങ്ങിയവ നടത്തിയ സംയുക്ത പ്രസ്താവനയില്‍ സൗദി നീക്കത്തെ അപലപിച്ചിരുന്നു.

അതേ സമയം, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് പറഞ്ഞ് ഡബ്ല്യുടിഒയുമായി സഹകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു സൗദി. എന്നാല്‍, ടെലിവിഷന്‍ പകര്‍പ്പവകാശം മോഷ്ടിക്കുന്നതിന് രാജ്യസുക്ഷയുമായി ഒരു ബന്ധവുമില്ലെന്ന് ഡബ്ല്യുടിഒ ചൂണ്ടിക്കാട്ടി.

ഡബ്ല്യുടിഒ കേസിന് പുറമേ അന്താരാഷ്ട്ര കോടതിയില്‍ സൗദിക്കെതിരേ 100 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിഇന്‍ സ്‌പോര്‍ട്‌സ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

BeIn Sports piracy dispute: WTO rules Saudi Arabia breaches International Law


 

Most Popular