Wednesday, April 21, 2021
Home Newsfeed ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ 2021; ലോക ടെന്നീസ് താരങ്ങള്‍ ദോഹയിലേക്ക്

ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ 2021; ലോക ടെന്നീസ് താരങ്ങള്‍ ദോഹയിലേക്ക്

ദോഹ: മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്ന ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ ടൂര്‍ണമെന്റിനായി ലോകത്തെ പ്രമുഖ ടെന്നീസ് താരങ്ങള്‍ ഖത്തറില്‍ എത്തിത്തുടങ്ങി. ലോക 11ാം നമ്പര്‍ താരം നെതര്‍ലന്റ്‌സിന്റെ കികി ബെര്‍ട്ടന്‍സ് തിങ്കളാഴ്ച്ച രാത്രി ഹമദ് ഇന്റര്‍നാഷല്‍ എയര്‍പോര്‍ട്ടില്‍ കാലുകുത്തിയതോടെയാണ് താരങ്ങളുടെ വരവിന് തുടക്കമായത്. 2016ലെ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനിലിസ്റ്റായ ബെര്‍ട്ടന്‍സിനെ ഖത്തര്‍ ടെന്നീസ് ഫെഡറേഷന്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. തുടര്‍ന്ന് ആരോഗ്യ പോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടികളിലേക്കു കടന്നു.

ബെര്‍ട്ടന്‍ ഇത് നാലാം തവണയാണ് ഖത്തറിലെത്തുന്നത്. 2017ലാണ് ആദ്യമായി അവര്‍ ഖത്തര്‍ ടോട്ടല്‍ ഓപ്പണില്‍ കളിച്ചത്. മാര്‍ച്ച് 1 മുതല്‍ 6 വരെ ദോഹയിലെ ഖലീഫ ഇന്റര്‍നാഷനല്‍ ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സിലാണ് ഖത്തര്‍ ടോട്ടല്‍ ഓപ്പണിന്റെ 19ാമത് എഡിഷന്‍ നടക്കുന്നത്.

അമേരിക്കയുടെ ലോക 12ാം നമ്പര്‍ താരം ബെലിന്ദ ബെന്‍സിച്ച്, 15ാം നമ്പര്‍ ഗര്‍ബിന്‍ മുഗുരുസ, 19ാം നമ്പര്‍ മാഡിസണ്‍ കീസ്, കസാക്കിസ്താന്റെ എലെന റിബാക്കിന, രണ്ട് തവണ ചാംപ്യന്‍ പട്ടം നേടിയ വിക്ടോറിയ അസരെങ്ക, ഗ്രീസിന്റെ മരിയ സക്കാറി എന്നിവര്‍ ഇന്ന് ദോഹയിലെത്തും. മറ്റുള്ളവര്‍ ഡബ്ല്യുടിഎ ടൂര്‍ പ്രീമിയര്‍ ഇവന്റ് ഡ്രോ നടക്കുന്ന ഫെബ്രുവരി 26ന് എത്തുമെന്നാണ് കരുതുന്നത്.

5,65,530 ഡോളര്‍ പ്രൈസ് മണിക്കു വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ 32 താരങ്ങളാണ് പങ്കെടുക്കുന്നത്.

Most Popular