Wednesday, June 23, 2021
Home Gulf Qatar ഈ ഖത്തരി ഇരട്ടകളുടെ ധീരത അഗ്നിയില്‍ നിന്ന് രക്ഷിച്ചത് 10 ജീവനുകള്‍

ഈ ഖത്തരി ഇരട്ടകളുടെ ധീരത അഗ്നിയില്‍ നിന്ന് രക്ഷിച്ചത് 10 ജീവനുകള്‍

ദോഹ: ട്വിന്‍ 22 എന്നറിയപ്പെടുന്ന ഖത്തരി ഇരട്ടകളുടെ സമയോചിത ഇടപെടല്‍ മൂലം തീയില്‍ നിന്ന് രക്ഷപ്പെട്ടത് 10 ജീവനുകള്‍. അല്‍ അസീസിയയില്‍ താമസിക്കുന്ന അബ്ദുല്ലയും സാലിഹ് സാലെം അല്‍ അസഅദിയുമാണ് തൊട്ടടുത്ത വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട കുടുംബത്തെ രക്ഷിച്ച് നാട്ടുകാരുടെയും അധികൃതരുടെയും അഭിനന്ദനത്തിന് പാത്രമായത്.

അബ്ദുല്ലയും സാലിഹും സ്വന്തം വീട്ടിലെ മജ്‌ലിസില്‍ ഇരിക്കവേയാണ് അടുത്ത വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സിവില്‍ ഡിഫന്‍സ് വരുന്നത് കാത്തു നില്‍ക്കാത രണ്ടുപേരും ഉടന്‍ അങ്ങോട്ട് കുതിച്ചു. അപ്പോഴേക്കും വീടിന്റെ താഴത്തെ നിലയിലെ മുറികള്‍ അഗ്നി വിഴുങ്ങിക്കഴിഞ്ഞിരുന്നു. ശക്തമായ തീയും പുകയും ഉയരുന്നുണ്ടായിരുന്നു.

Brave Qatari twins1

വാതിലിന് അടുത്തെത്തിയപ്പോള്‍ ഉള്ളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി കേട്ടു. ചുറ്റും തീ പടര്‍ന്നതിനാല്‍ പുറത്തേക്ക് വരാനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു അവര്‍. സ്വജീവന്‍ അവഗണിച്ച് അബ്ദുല്ലയും സാലിഹും ചേര്‍ന്ന് അഗ്നി നാളങ്ങള്‍ക്കിടയിലൂടെ അകത്തേക്കു കുതിച്ചു. പുക ശ്വസിച്ച് 10 സ്ത്രീകളും കുട്ടികളും ബോധം നഷ്ടപ്പെടാറായ അവസ്ഥയിലായിരുന്നു. ചിലര്‍ക്ക് പൊള്ളലേറ്റിരുന്നു. ഗൃഹനാഥന്‍ ജോലിക്കായി പുറത്തേക്ക് പോയ സമയത്താണ് എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീ പടര്‍ന്നത്.

പ്രധാന ഹാള്‍ മുഴുവന്‍ തീപടര്‍ന്നതിനാല്‍ വീടിന്റെ മുകള്‍ നിലയില്‍ ആയിരുന്ന ജോലിക്കാരിയെ സിവില്‍ ഡിഫന്‍സ് എത്തിയ ശേഷമാണ് രക്ഷപ്പെടുത്തിയത്. ശ്വാസം മുട്ടല്‍ വകവയ്ക്കാതെ 10 ജീവനുകള്‍ രക്ഷപ്പെടുത്തിയ ഇരട്ടകളെ സിവില്‍ ഡിഫന്‍സ് വിഭാഗം അഭിനന്ദിച്ചു.

ആസ്തമ രോഗിയായിരുന്നിട്ട് പോലും അതു കൂട്ടാക്കാതെയാണ് അബ്ദുല്ല പുക നിറഞ്ഞ വീടിനകത്തേക്കു കുതിച്ചത്. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട അബ്ദുല്ലയ്ക്ക്. ആംബുലന്‍സ് എത്തിയാണ് ആവശ്യമായ വൈദ്യസഹായം നല്‍കിയത്. ഇരുവരുടെയും ഫോണുകളില്‍ ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്. എന്നാല്‍, തങ്ങള്‍ മാനുഷിക കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്ന് ഇരട്ടകള്‍ പ്രതികരിച്ചു.

Most Popular