ദോഹ: കോവിഡിന്റെ പരിമിതികളിലും ഗരന്‍ഗവൂ ആഘോഷിക്കാനൊരുങ്ങി ഖത്തര്‍. കുട്ടികള്‍ക്കുള്ള മിഠായികളും നട്ട്സുമായി ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന്റെ അലങ്കരിച്ച ബസ്സുകള്‍ ഇന്ന് രാത്രി വീടുകളിലെത്തും.
കുരുന്നുകളുടെ ഉല്‍സവമായ ഗരന്‍ഗവൂ റമദാന് 14ന്റെ നോമ്പുതുറ കഴിഞ്ഞ ഉടനെയാണ് ആഘോഷിക്കുന്നത്. പാതിരാവോളം പാട്ടുപാടി വീടുകള്‍ തോറും കയറിയിറങ്ങുന്ന കുട്ടികള്‍ക്ക് ഓരോ വീട്ടില്‍ നിന്നും മിഠായിയും നട്ട്സും അടങ്ങിയ സമ്മാനപ്പൊതികള്‍ കിട്ടും. എന്നാല്‍, ഇക്കുറി കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് പതിവ് രീതി വിട്ട് സാംസ്കാരിക മന്ത്രാലയം ആഘോഷമൊരുക്കുന്നത്.
എല്ലാ മുന്‍കരുതലുകളോടും കൂടി പരിശീലനം ലഭിച്ച വൊളന്റിയര്‍മാരാണ് കുട്ടികള്‍ക്കുള്ള സമ്മാനപ്പൊതികളുമായി ബസ്സുകളിലെത്തുക. കൊറോണയെ തുടര്‍ന്ന് വീടുകളില്‍ അടച്ചിട്ടിരിക്കുന്ന കുട്ടികള്‍ക്ക് ഉല്‍സാഹം പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതന്ന് മന്ത്രാലത്തിലെ കായിക വിഭാഗം ഡയറക്ടര്‍ ഇസ്സ അല്‍ ഹറമി പറഞ്ഞു.