ഖത്തറില്‍ ജോലി മാറ്റം മൂന്ന് തവണയായി പരിമിതിപ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍

qatar job change

ദോഹ: ഖത്തറില്‍ ഒരു തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ പരമാവധി മൂന്ന് തവണ മാത്രമേ ജോലി മാറാന്‍ അനുവദിക്കാവൂ എന്ന് ശൂറ കൗണ്‍സില്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ജോലിയുടെ ഗൗരവം ഉറപ്പു വരുത്തുന്നതിനാണ് ഈ നടപടി. ഇതുള്‍പ്പെടെ ജോലി മാറ്റവുമായി ബന്ധപ്പെട്ട് മറ്റ് നിരവധി ശുപാര്‍ശകളും ശൂറ കൗണ്‍സില്‍ മുന്നോട്ട് വച്ചു. ഒരു കമ്പനിയില്‍ വര്‍ഷത്തില്‍ ജോലി മാറ്റം അനുവദിക്കുന്ന ജീവനക്കാരുടെ എണ്ണം പരമാവധി 15 ശതമാനമായി നിജപ്പെടുത്തണമെന്നും ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പ്രോജക്ടുകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികള്‍ക്ക് കരാര്‍ കാലാവധി കഴിയും മുമ്പ് തൊഴിലുടമയുടെ അനുമതി കൂടാതെ ജോലി മാറ്റം അനുവദിക്കരുത്. ഇവരുടെ വിസയും കോണ്‍ട്രാക്ടും തമ്മില്‍ ബന്ധിപ്പിക്കണം. തൊഴിലാളിക്ക് വേണ്ടി കമ്പനി ചെലവാക്കുന്ന തുകയ്ക്ക് കമ്പനിക്ക് നീതിപൂര്‍വ്വമായ നഷ്ടപരിഹാരം നല്‍കണമെന്നും ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

തൊഴിലാളിക്ക് മാറാന്‍ പറ്റുന്ന കമ്പനിയുടെ സാമ്പത്തിക, നിയമ സ്ഥിതി ഉറപ്പു വരുത്തണം. ഏത് കമ്പനിയില്‍ നിന്നാണോ മാറുന്നത് അവരുടെ വിസ നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പ് വരുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

തൊഴിലാളി രാജ്യം വിടുന്നതിന് മൂന്ന് ദിവസം മുമ്പ് തൊഴിലുടമയെ ടെക്സ്റ്റ് മെസേജ് വഴിയോ മെത്രാഷ് വഴിയോ അറിയിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സംവിധാനമൊരുക്കണമെന്നാണ് മറ്റൊരു ആവശ്യം. ഒരു കമ്പനിയില്‍ അനുമതിയില്ലാതെ എക്‌സിറ്റ് ആവാന്‍ അനുവദിക്കാത്ത ആകെ തൊഴിലാളികളുടെ എണ്ണം 5 ശതമാനത്തില്‍ നിന്ന് 10 ശതമാനം ആക്കി ഉയര്‍ത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തില്‍ ഒരു സ്ഥിരം കമ്മിറ്റിയെ നിയമിക്കണം. ഈ കമ്മിറ്റിയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ആഭ്യന്തര മന്ത്രാലയം പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Cap the number of times an employee can change jobs in Qatar at 3: Shura Council