Wednesday, September 22, 2021
Home Newsfeed ഖത്തറില്‍ സെക്കന്‍ഡ് ഹാന്റ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; ആപ്പിലാകാന്‍ അതു മതി

ഖത്തറില്‍ സെക്കന്‍ഡ് ഹാന്റ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; ആപ്പിലാകാന്‍ അതു മതി

ദോഹ: ഖത്തറില്‍ അടുത്ത സുഹൃത്തുക്കളുടെ കൈയില്‍ നിന്നായാല്‍ പോലും സെക്കന്‍ഡ് ഹാന്റ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കണമെന്ന അനുഭവസ്ഥര്‍. കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വദേശിക്ക് ഉണ്ടായ അനുഭവം ഗള്‍ഫ് മലയാളിയുമായി പങ്കുവച്ചു.

ടാക്‌സി ഡ്രൈവറായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം റയ്യാന്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് വിളിപ്പിച്ചു. എന്തിനാണ് വിളിപ്പിക്കുന്നതെന്ന് കൃത്യമായി പറഞ്ഞിരുന്നില്ല. സ്‌റ്റേഷനില്‍ ചെന്നപ്പോഴാണ് സ്ഥിരമായി തന്റെ വാഹത്തില്‍ സഞ്ചരിക്കാറുള്ള നേപ്പാള്‍ സ്വദേശിയെ അവിടെ കണ്ടത്. ഇയാള്‍ നിങ്ങള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ തന്നിരുന്നോ എന്നായിരുന്നു പോലിസിന്റെ ചോദ്യം.

നേപ്പാള്‍ സ്വദേശി രണ്ട് ദിവസം മുമ്പ് കണ്ണൂര്‍ സ്വദേശിക്ക് അധികം പഴക്കമില്ലാത്ത സാംസങ് മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്തിയിരുന്നു. 1500 റിയാലിന് മുകളില്‍ വിലവരുന്ന ഫോണ്‍ ഏതാണ്ട് പകുതി വിലയ്ക്കാണ് നല്‍കിയത്. ഫോണ്‍ തന്റേതാണെന്നും പണത്തിന് അത്യാവശ്യമായത് കൊണ്ടാണ് വില്‍ക്കുന്നതെന്നുമാണ് നേപ്പാള്‍ സ്വദേശി പറഞ്ഞത്. ഇക്കാര്യം പോലിസിനെ ബോധ്യപ്പെടുത്തി. അപ്പോഴാണ് പോലിസ് സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കിയത്.

മൊബൈല്‍ ഖത്തറിലെ ഒരു മാളിന്റെ സമീപത്തുള്ള പാര്‍ക്കിങില്‍ നിന്ന് നേപ്പാള്‍ സ്വദേശിക്ക് കളഞ്ഞുകിട്ടിയതായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലിസ് നേപ്പാള്‍ സ്വദേശിയെ വലയിലാക്കിയത്. ചോദ്യം ചെയ്യലിനൊടുവില്‍ പോലിസ് കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് മൊബൈല്‍ തിരിച്ചുവാങ്ങി. താന്‍ കൊടുത്ത 800 റിയാലിന് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അതിന് രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍ പോലിസിന് ഒന്നും ചെയ്യാനാവില്ലെന്നും നേപ്പാള്‍ സ്വദേശി ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാല്‍ നേരിട്ട് പണം വാങ്ങാനുമായിരുന്നു പോലിസിന്റെ മറുപടി.

കളഞ്ഞ് കിട്ടുന്ന വസ്തുക്കള്‍ 7 ദിവസത്തിനകം കൈമാറണം
ഫോണ്‍, പണം, സ്വര്‍ണം തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കള്‍ കളഞ്ഞുകിട്ടിയാല്‍ അത് ഏഴ് ദിവസത്തിനകം അതിന്റെ ഉടമസ്ഥനെയോ അടുത്തുള്ള പോലിസ് സ്‌റ്റേഷനിലോ ഏല്‍പ്പിക്കണമെന്നാണ് ഖത്തറിലെ നിയമമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏഴ് ദിവസത്തിനകം കളഞ്ഞുകിട്ടിയ വസ്തു കൈമാറിയില്ലെങ്കില്‍ പരമാവധി ആറ് മാസം വരെ തടവും 3000 റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതര്‍ പറയുന്നു.

പരിചിതരായാല്‍ പോലും സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കള്‍ വാങ്ങുമ്പോള്‍ സാധനം തനിക്ക് വില്‍പ്പന നടത്തിയതായുള്ള രേഖ ഉണ്ടാക്കിയില്ലെങ്കില്‍ ഇതുപോലെ കെണിയില്‍പ്പെടുമെന്ന് കണ്ണൂര്‍ സ്വദേശി പറഞ്ഞു.
ALSO WATCH

Most Popular