ദോഹ: ദോഹ നഗരം വികസിപ്പിക്കുന്നതിനും സൗന്ദര്യവത്കരിക്കുന്നതിനും വേണ്ടി പൊതുമരാമത്ത് വകുപ്പിന്റെ ‘സെന്‍ട്രല്‍ ഡെവലപ്മെന്റ് ആന്‍ഡ് ബ്യൂട്ടിഫിക്കേഷന് പദ്ധതി’. ദോഹ വികസന, സൗന്ദര്യവത്കരണ പദ്ധതിയുടെ രണ്ട്, മൂന്ന് പാക്കേജുകളിലായി 58 കിലോമീറ്റര്‍ കാല്‍നടപ്പാതയും സൈക്കിള്‍ പാതയും 41,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഹരിതാഭ മേഖലയുമാണ് വരുന്നത്. കൂടാതെ, 24 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡ് വികസനവും 4650 മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. ഏഴ് പ്രധാന നിരത്തുകളുള്പ്പെടെ ദോഹ നഗരത്തിലെ ആറു മേഖലകളിലാണ് രണ്ട്, മൂന്ന് പാക്കേജ് വികസന പദ്ധതി നടപ്പാക്കുന്നത്. കോര്‍ണിഷ് സ്ട്രീറ്റിനും എ റിങ് റോഡിനും ഇടയിലുള്ള പ്രദേശമാണ് വികസനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് പ്രധാന സ്ട്രീറ്റുകള്‍, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, പ്ലാസ നിര്‍മാണം, കാല്‍നട-സൈക്കിള്‍ പാത തുടങ്ങിയവയാണ് പദ്ധതിയിലുള്‍പ്പെടുന്നത്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. 2022 ലോകകപ്പിന് മുന്നോടിയായാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നത്.
അതിനോടൊപ്പം 884 സ്ട്രീറ്റ്ലൈറ്റ് തൂണുകളുടെ നിര്‍മാണം, 18.6 കിലോമീറ്റര്‍ സര്‍ഫേസ് വാട്ടര്‍ അഴുക്കുചാല്‍ ശൃംഖല, 16 കിലോമീറ്റര്‍ ഫൗള്‍ അഴുക്കുചാല്‍ ശൃംഖല, 21.5 കിലോമീറ്റര്‍ ഇലക്ട്രിസിറ്റി ശൃംഖല എന്നിവയും ഇതിലുള്‍പ്പെടുമെന്ന് അശ്ഗാല്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ പ്രധാന നിരത്തുകളും കേന്ദ്രങ്ങളും കലാസൃഷ്ടികള്‍ സ്ഥാപിച്ച് സൗന്ദര്യവത്കരിക്കുന്ന ‘ദോഹ സെന്‍ട്രല്‍ ഡെവലപ്മെന്റ് ആന്‍ഡ് ബ്യൂട്ടിഫിക്കേഷന് പദ്ധതി’ പ്രവൃത്തിയുടെ ഭാഗമായാണിത്. ‘ദോഹയെ നിങ്ങളുടെ കൈകള്‍കൊണ്ട് സൗന്ദര്യവത്കരിക്കുന്നു’ എന്ന പേരിലാണ് ഈ പദ്ധതി. ഖത്തരികളായ കലാകാരന്മാരുടെയും പ്രവാസികളായ കലാകാരന്മാരുടെയും സൃഷ്ടികള്‍ നിരത്തുകളില്‍ സ്ഥാപിക്കും. പ്രധാനനിരത്തുകളില്‍ ശില്പങ്ങളും വരും. ഖത്തരി സംസ്കാരം, പൈതൃകം തുടങ്ങിയവയുമായി ബന്ധമുള്ളവയായിരിക്കും എല്ലാം.വിവിധ ഹോട്ടലുകളുടെ പാര്‍ക്കുകളും പദ്ധതിയുടെ കീഴില്‍വരും. ഇവിടങ്ങള്‍ കൂടുതല്‍ സൗന്ദര്യവത്കരിച്ച് ശില്പങ്ങള് സ്ഥാപിക്കും. ഹോട്ടല്‍ പാര്‍ക്കുകള്‍ നഗരത്തിലെ പ്രത്യേക ലാന്‍ഡ് മാര്‍ക്കുകളായി രൂപാന്തരപ്പെടുത്തും. പ്രത്യേക ആശയങ്ങളില്‍ ഊന്നിയുള്ള നവീകരണ പ്രവൃത്തികളാണ് ഇവിടങ്ങളില്‍ നടക്കുക.
ഖത്തര്‍ ചരിത്രത്തിലെ ആ പോരാട്ടത്തിന്റെ ഗാഥ എല്ലാകാലത്തും ഇവിടെ എത്തുന്ന ആളുകള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും നവീകരണ പ്രവൃത്തികള്‍.സെന്‍ട്രല്‍ ദോഹയിലും ഖത്തരിപ്രവാസി കലാകാരന്മാരുടെ കലാസൃഷ്ടികളും ശില്പങ്ങളും സ്ഥാപിച്ച് മനോഹരമാക്കും. ദോഹ സെന്‍ട്രലില്‍ കൂടുതല്‍ കാല്‍നടപ്പാതകളും നടപ്പാലങ്ങളും പുതുപദ്ധതിയില് പണിയും. ഖത്തര്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവമായ അല്‍വജ്ബ പോരാട്ടത്തെ സ്മരിക്കുന്ന കലാസൃഷ്ടികളും നിരത്തില്വരും. ധൈര്യശാലികളായ ഖത്തരികള്‍ ഓട്ടോമന്‍ സാമ്രാജ്യത്തിനെതിരെ നടത്തിയ ചെറുത്തുനില്പ് പോരാട്ടമാണ് അല്‍വജ്ബ. 1893ലാണ് ഇതു നടന്നത്. ഈ സംഭവത്തിന്റെ വീരസ്മരണകള്‍ തുടിക്കുന്ന തരത്തില്‍ ഗ്രാന്‍ഡ് ഹമദ് സ്്ട്രീറ്റിനെ സൗന്ദര്യവത്കരിക്കും. ഇവിടെ ഒട്ടകങ്ങളുടെ ശില്പങ്ങള് സ്ഥാപിക്കും. പോരാട്ടത്തിനിറങ്ങുന്ന പടയാളികളെയും വഹിച്ചുള്ള ഒട്ടകങ്ങളായിരിക്കും ഇവ.
പുതിയ പദ്ധതിയില്‍ അബ്ദുല്ല ബിന്‍ ഥാനി സ്ട്രീറ്റ് ഗേറ്റും ഉള്‍പ്പെടുന്നുണ്ട്. പ്രത്യേക ആര്‍ച്ച് ഇവിടെ സ്ഥാപിച്ച് മനോഹരമാക്കും. കോര്‍ണിഷ് സ്ട്രീറ്റിലേക്കുള്ള അല്‍മീന സ്ട്രീറ്റ് ഇന്റര്സെക്ഷന് ഏറെ ജനത്തിരിക്കുള്ളതാണ്. ഏറെ കാല്‍നടക്കാരും ഇവിടങ്ങളില്‍ ഉണ്ട്. ഈ ഇന്റര്‍സെക്ഷനില്‍ രണ്ടു വലിയ കലാചുവരുകള് ഉയരും. ഇതില്‍ പ്രത്യേക കലാസൃഷ്ടികള്‍ ഉണ്ടാകും. അല്ഖുബൈബ് മോസ്ക് പ്ലാസയിലും പുതുപദ്ധതിയുമായി ബന്ധപ്പെട്ട് സൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടത്തും. നിരവധി സഞ്ചാരികള്‍ എത്തുന്നയിടമാണിത്. ഇവിടെ കൊത്തുപണികളും ശില്പങ്ങളും സ്ഥാപിക്കും. വിവിധ ആശയങ്ങളിലൂന്നിയുള്ള ശില്പങ്ങളിലൂടെ സഞ്ചാരികള്‍ക്ക് രാജ്യത്തെപ്പറ്റിയും മറ്റുമുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കും.