Tuesday, September 21, 2021
Home Newsfeed ദോഹ കൂടുതല്‍ സുന്ദരിയാവുന്നു; അല്‍ ഖുബൈബ് മസ്ജിദ് പ്ലാസ നിര്‍മാണം തുടങ്ങി

ദോഹ കൂടുതല്‍ സുന്ദരിയാവുന്നു; അല്‍ ഖുബൈബ് മസ്ജിദ് പ്ലാസ നിര്‍മാണം തുടങ്ങി

ദോഹ: അല്‍ ഖുബൈബ് മസ്ജിദ് പ്ലാസയുടെ നിര്‍മാണം തുടങ്ങിയതായി ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള മേല്‍നോട്ട കമ്മിറ്റി അറിയിച്ചു. മധ്യ ദോഹ വികസിപ്പിക്കുന്നതിനും കൂടുതല്‍ മനോഹരമാക്കുന്നതിമുള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ് അല്‍ ഖുബൈബ് മസ്ജിദ് പ്ലാസ ഒരുങ്ങുന്നത്. 2022 ആദ്യപാദത്തില്‍ നിര്‍മാണം പൂര്‍ത്തിയാവും.

സൂഖ് വാഖിഫിലെ അല്‍ ഖുബൈബ് മസ്ജിദിന് സമീപത്തായി നിര്‍മിക്കുന്ന പ്ലാസ ഖത്തരി പൈതൃകം ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓപ്പണ്‍ എയര്‍ ഖത്തരി മജ്‌ലിസ് ഇതിന്റെ സവിശേഷതയാണ്.

വിവിധ രൂപങ്ങളിലും നിറങ്ങളിലുമാണ് തറയുടെയും ഇടനാഴികളുടെയും ഡിസൈനെന്ന് പ്രൊജക്ട് ഡിസൈന്‍ മാനേജര്‍ എന്‍ജിനീയര്‍ ലൈല ജാസിം സാലിം പറഞ്ഞു. സന്ദര്‍ശകര്‍ കയറിവരുന്ന പ്രധാന ഇടനാഴിയുടെ തറ പരമ്പരാഗത കാര്‍പറ്റുകളുടെ രീതിയിലാണ് ഒരുക്കുക.

അലി ബിന്‍ അബ്ദുല്ല സ്ട്രീറ്റ്, അല്‍ ജാബര്‍ സ്ട്രീറ്റ്, അല്‍ അഹ്‌മദ് സ്ട്രീറ്റ് എന്നീ മൂന്ന് വശങ്ങളില്‍ നിന്നും പ്ലാസയിലേക്ക് വഴികളുണ്ടാവും. മസ്ജിദിന്റെ ഭാഗത്തേക്കും ഇവിടെ നിന്ന് എളുപ്പത്തില്‍ പോവാനാവും.

മസ്ജിദില്‍ പ്രാര്‍ഥനയ്ക്ക് ശേഷം ആളുകള്‍ക്ക് ഒരുമിച്ച് കൂടാനും ദൈനംദിന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള ഇടം എന്ന രീതിയിലാണ് പ്ലാസ നിര്‍മിക്കുന്നതെന്ന് പ്രൊജക്ട് ഡിസൈന്‍ എന്‍ജിനീയര്‍ സാറ ബിന്ത് മുഹമ്മദ് ആല്‍ഥാനി പറഞ്ഞു. പ്രത്യേക വിളക്കുകളും ജലധാരയും വിവിധ തരത്തിലുള്ള മരങ്ങളുമൊക്കെ ഇവിടെ ഉണ്ടാവും.

9,200 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന പ്ലാസയില്‍ 1,518 ചതുരശ്ര മീറ്റര്‍ പുല്‍ത്തകിടിയൊരുക്കും. നടപ്പാതകള്‍, പാര്‍ക്ക്, ഫാന്‍സി ലൈറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ടാവും.
ALSO WATCH

Most Popular