Tuesday, September 21, 2021
Home Newsfeed 'ഏതെങ്കിലും പാര്‍ട്ടി ഓഫിസ് വരാന്തയില്‍ നില്‍ക്കുന്നവര്‍ ലീഗിനെ ഉപദേശിക്കാന്‍ വരേണ്ട'

‘ഏതെങ്കിലും പാര്‍ട്ടി ഓഫിസ് വരാന്തയില്‍ നില്‍ക്കുന്നവര്‍ ലീഗിനെ ഉപദേശിക്കാന്‍ വരേണ്ട’

മലപ്പുറം: കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണങ്ങളുമായി രംഗത്തിറങ്ങിയ കെ ടി ജലീലിനെതിരേ ആഞ്ഞടിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മുസ്‌ലിം ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ ഏതെങ്കിലും പാര്‍ട്ടി ഓഫിസിന്റെ വരാന്തയില്‍ നില്‍ക്കുന്നവര്‍ ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനുമുള്ള ശേഷി മുസ്ലിം ലീഗിനുണ്ട്.

പാണക്കാട്ടുനിന്ന് റസീത് മുറിച്ചിട്ടല്ല മന്ത്രിയായത് എന്ന് വീമ്പിളക്കിയവരുടെ ഇപ്പോഴത്തെ ‘പാണക്കാട് മുഹബ്ബത്ത്’ തിരിച്ചറിയാനുള്ള വിവേകമൊക്കെ സമൂഹത്തിനുണ്ട്. ഇത്തരക്കാരുടെ ഉപദേശങ്ങള്‍ ചെവികൊള്ളേണ്ട ഗതികേട് ലീഗിന് ഇല്ല.

മുഈനലി തങ്ങളുടെ വക്കാലത്തുമായി വരാന്‍ കെ ടി ജലീല്‍ ആരാണ്. പാര്‍ട്ടിയുടെ മുന്നില്‍ യാതൊരു പ്രതിസന്ധിയുമില്ല. പ്രശ്‌നങ്ങള്‍ ഇന്ന് വൈകുന്നേരം നടക്കുന്ന യോഗത്തോടെ തീരുമെന്നാണ് വിശ്വാസം. കെ ടി ജലീലിനെ മന്ത്രി സ്ഥാനത്തുനിന്ന് പിടിച്ചിറക്കിയതിന്റെ ദേഷ്യമാണ് ഇപ്പോള്‍ അദ്ദേഹം തീര്‍ക്കുന്നത്.

ഇഡിയുമായി കുഞ്ഞാലിക്കുട്ടി സംസാരിച്ച ശബ്ദരേഖ കെ ടി ജലീലിന് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഇഡിയില്‍നിന്നാകും. അര്‍ധരാത്രി തലയില്‍ മുണ്ടിട്ടാണ് ഇഡിയെ കാണാന്‍ ജലീല്‍ പോയത്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇഡി കൊടുത്തതായിരിക്കാം ശബ്ദരേഖയെന്നും പി എം എ സലാം പറഞ്ഞു.

 

Most Popular