ദോഹ: ഖത്തര്‍ അമീര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എന്‍ഒസി ഇല്ലാതെ തൊഴില്‍ മാറുന്നത് സംബന്ധിച്ച നിയമ ഭേദഗതിയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടു. നിലവിലുള്ള തൊഴിലുടമയുടെ അനുമതി(എന്‍ഒസി) കൂടാതെ തൊഴില്‍ മാറുമ്പോള്‍ ഒരു മാസത്തെയോ രണ്ട് മാസത്തെയോ നോട്ടീസ് പിരീഡ് നല്‍കണമെന്ന് നേരത്തേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടതും വിവിധ മേഖലകളിലുള്ളവര്‍ക്ക് തൊഴില്‍ മാറുമ്പോള്‍ പാലിക്കേണ്ട മറ്റു കാര്യങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം വെബ്സൈറ്റ് പുറത്തുവിട്ടു
2004ലെ 14ാം നമ്പര്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള നിബന്ധനകള്‍
1. നിലവുള്ള തൊഴിലുടമയക്ക് കീഴില്‍ നോട്ടീസ് കാലയളവ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍
-നോട്ടീസ് കാലയളവ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബാക്കിയുള്ള നോട്ടീസ് കാലയളവിന് അനുസരിച്ചുള്ള തുക നിലവിലുള്ള തൊഴിലുടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഉദാഹരണത്തിന് നിങ്ങളുടെ അടിസ്ഥാന ശമ്പളം 1500 റിയാല്‍ ആണെന്നും നോട്ടീസ് പിരീഡ് അവസാനിക്കുന്നതിന് രണ്ടാഴ്ച്ച മുമ്പ് നിങ്ങള്‍ ജോലി വിട്ട് പോകാന്‍ അഗ്രഹിക്കുന്നുവെന്നും കരുതുക. എങ്കില്‍ 750 റിയാല്‍ നിങ്ങള്‍ നിലവിലുള്ള തൊഴിലുടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വരും.
2. തൊഴില്‍ കരാറില്‍ നോണ്‍ കൊംപീറ്റ്(നിലവിലുള്ള അതേ സ്വഭാവത്തിലുള്ള മറ്റൊരു ജോലിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച്) ക്ലോസ് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ജോലി മാറാനാവുമോ?
– നിലവിലുള്ള കമ്പനിയുടെ ക്ലയന്റ്സിനെക്കുറിച്ച് അറിയുന്നതോ കമ്പനി രഹസ്യങ്ങള്‍ അറിയുന്നതോ ആയ ജോലിയാണെങ്കില്‍ മാത്രമേ തൊഴില്‍ കരാറില്‍ നോണ്‍ കൊംപീറ്റ് ക്ലോസ് ഉള്‍പ്പെടുത്താനാവൂ. ഇതരത്തിലുള്ള പൊസിഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് കരാര്‍ കാലാവധിക്ക് ശേഷം തൊഴിലുടമയുമായി കൊംപീറ്റ് ചെയ്യാനോ ഏതെങ്കിലും കൊംപീറ്റിങ് ബിസിനസിന്റെ ഭാഗമാവാനോ പാടില്ല. നിലവിലെ ജോലി വിടുന്ന കാലാവധി മുതല്‍ പരമാവധി ഒരു വര്‍ഷം വരെയായിരിക്കും നോണ്‍-കൊംപീറ്റ് ക്ലോസ് നിലനില്ക്കുക
3. തൊഴില്‍ മാറുമ്പോള്‍ വിരമിക്കല്‍ ആനുകൂല്യം ലഭിക്കുമോ?
-ചുരുങ്ങിയത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ വിരമിക്കല്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. തൊഴില്‍ കരാറില്‍ പരാമര്‍ശിച്ചിട്ടുള്ള വാര്‍ഷിക അവധി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കാന്‍ അര്‍ഹനാണ്.
4. ശമ്പളം തന്നില്ലെങ്കില്‍ ജോലി മാറുന്നതിന് നോട്ടീസ് കാലയളവ് നല്‍കേണ്ടതുണ്ടോ?
-ശമ്പളം നല്‍കാതിരിക്കുന്നത് ഉള്‍പ്പെടെ നിയമപരമായ ബാധ്യതകള്‍ നിലവിലുള്ള തൊഴിലുടമ പാലിച്ചില്ലെങ്കില്‍ നോട്ടീസ് പിരീഡ് നല്‍കാതെ തന്നെ ജോലി മാറാവുന്നതാണ്. എന്നാല്‍, തൊഴിലുടമയുടെ വീഴ്ച്ച സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ ലേബര്‍ റിലേഷന്‍സ് ഡിപാര്‍ട്ട്മെന്റില്‍ പരാതി നല്‍കിയിരിക്കണം. ഇങ്ങിനെ ജോലി മാറുമ്പോഴും ബാക്കിയുള്ള വേതനവും വിരമിക്കല്‍ ആനുകൂല്യങ്ങളും മറ്റും പൂര്‍ണമായി ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഖത്തര്‍ വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിമാന ടിക്കറ്റും നിലവിലുള്ള തൊഴിലുടമ നല്‍കണം
5. അറിയിപ്പൊന്നും നല്‍കാതെ ഖത്തര്‍ വിടുകയും പുതിയ ജോലിയില്‍ തിരിച്ചുവരികയും ചെയ്യാനാവുമോ?
– അറിയിപ്പ് നല്കാതെയോ നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കാതെയോ രാജ്യം വിടുകയാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് ഖത്തറിലേക്ക് തിരിച്ചുവരാനാകില്ല. അത്തരം സാഹചര്യം ഒഴിവാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കണം
പ്രബേഷന്‍ കാലയളവിലാണ് ഖത്തര്‍ വിടുന്നതെങ്കില്‍:
– തൊഴില്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം വഴി തൊഴിലുടമയെ വിവരമിറിയിക്കണം. നോട്ടീസ് കാലയളവ് തൊഴിലുടമയുമായി ധാരണയിലെത്തിയതായിരിക്കണം. എന്നാല്‍, രണ്ട് മാസത്തില്‍ കൂടാന്‍ പാടില്ല
-നോട്ടീസ് കാലയളവ് പൂര്‍ത്തിയാക്കാതെയാണ് രാജ്യം വിടുന്നതെങ്കില്‍ ബാക്കിയുള്ള നോട്ടീസ് കാലയളവിന് തുല്യമായി അടിസ്ഥാന ശമ്പളത്തിന്റെ കണക്കില്‍ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം രണ്ട് മാസത്തെ അടിസ്ഥാന ശമ്പളത്തിനേക്കാള്‍ കൂടാന്‍ പാടില്ല.
പ്രബേഷന്‍ കാലയളവിന് ശേഷമാണ് ഖത്തര്‍ വിടുന്നതെങ്കില്‍:
-രണ്ട് വര്‍ഷമോ അതില്‍ താഴെയോ ആണ് ജോലി ചെയ്തതെങ്കില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം വഴി ഒരു മാസം മുമ്പ് നോട്ടീസ് നല്‍കണം
-രണ്ട് വര്‍ഷത്തിന് ശേഷമാണെങ്കില്‍ രണ്ട് മാസത്തെ നോട്ടീസ് പിരീഡ് നല്‍കണം
-നോട്ടീസ് പിരീഡ് പൂര്ത്തിയാക്കെതെയാണ് രാജ്യം വിടുന്നതെങ്കില്‍ ബാക്കിയുള്ള കാലയളവിന് നഷ്ടപരിഹാരം നല്‍കണം
6. തൊഴിലുടമയ്ക്ക് തൊഴില്‍ കരാര്‍ റദ്ദാക്കാനാവുമോ?
തൊഴിലുടമയ്ക്ക് താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ച് കൊണ്ട് കരാര്‍ റദ്ദാക്കാനുള്ള പൂര്‍ണ അധികാരമുണ്ട്
– തൊഴില്‍ കരാറില്‍ പറഞ്ഞത് പ്രകാരമുള്ള ജോലി ചെയ്യാന്‍ തൊഴിലാളി അണ്‍ഫിറ്റാണെന്ന് തോന്നിയാല്‍ പ്രബേഷന്‍ കാലയളവില്‍ കരാര്‍ റദ്ദാക്കാവുന്നതാണ്. എന്നാല്‍, മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം വഴി ഒരു മാസം മുമ്പ് അറിയിപ്പ് നല്‍കണം. കരാര്‍ റദ്ദാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ടിക്കറ്റ് ചെലവ് തൊഴിലുടമ വഹിക്കണം
– പ്രബേഷന്‍ പീരീഡിന് ശേഷമാണ് തൊഴില്‍ കരാര്‍ റദ്ദാക്കുന്നതെങ്കില്‍ രണ്ട് വര്‍ഷത്തില്‍ താഴെ ജോലിയെടുത്ത തൊഴിലാളിക്ക് ഒരു മാസം മുമ്പും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ജോലിയെടുത്ത തൊഴിലാളിക്ക് രണ്ട് മാസം മുമ്പും നോട്ടീസ് നല്‍കണം, നോട്ടീസ് കാലയളവില്‍ തൊഴിലാളിയും തൊഴിലുടമയും കരാറിലെ നിബന്ധനകള്‍ പാലിച്ചിരിക്കണം
7. നോട്ടീസ് പിരീഡ് പൂര്‍ത്തിയാക്കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനാവുമോ?
-നോട്ടീസ് കാലയളവ് പൂര്‍ത്തിയാക്കാതെയാണ് പിരിച്ചുവിടുന്നതെങ്കില്‍ ബാക്കിയുള്ള കാലയളവിന് അടിസ്ഥാന ശമ്പളപ്രകാരമുള്ള തുക തൊഴിലുടമ നഷ്ടപരിഹാരമായി നല്‍കണം
8. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് തൊഴിലുടമ നല്‍കണോ?
-ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് രണ്ടാഴ്ച്ചയ്ക്കകം വിമാന ടിക്കറ്റ് ഉള്‍പ്പെടെ നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള്‍ മുഴുവന്‍ തൊഴിലുടമ പൂര്‍ത്തീകരിക്കണം. രാജ്യം വിടും മുമ്പ് മറ്റൊരു ജോലിയില്‍ കയറുകയാണെങ്കില്‍ പുതിയ തൊഴിലുടമയാണ് ടിക്കറ്റ് ചാര്‍ജ് വഹിക്കേണ്ടത്. രണ്ട് വര്‍ഷത്തെ തൊഴില്‍ കരാറുള്ളയാള് ഒരു വര്‍ഷത്തിന് ശേഷം ജോലിയില്‍ നിന്ന് സ്വയം പിരിഞ്ഞുപോവുകയാണെങ്കില് തൊഴിലുടമ വിമാന ടിക്കറ്റിന്റെ പകുതി മാത്രമേ വഹിക്കേണ്ടതുള്ളു.
വീട്ടുജോലിക്കാര്‍ക്ക് ജോലി മാറുന്നതിനുള്ള നിബന്ധനകള്‍
– 2014 14ാം നമ്പര്‍ തൊഴില്‍ നിയമപ്രകാരമുള്ള അതേ നിബന്ധനകള്‍ തന്നെയാണ് വീട്ടുജോലിക്കാര്‍ക്കും. വീട്ടുജോലിക്കാര്‍ക്കുള്ള പുതിക്കിയ തൊഴില്‍ കരാര്‍ ഉടന്‍ പ്രബല്യത്തില്‍ വരും. അതേ സമയം, വീട്ടുജോലിക്കാരുടെ പ്രബേഷന്‍ കാലയളവ് മൂന്ന് മാസത്തില്‍ കൂടാന്‍ പാടില്ല. ഒരു തൊഴിലുടമയുടെ കീഴില്‍ ഒരു പ്രബേഷന്‍ പിരീഡ് മാത്രമേ പാടുള്ളു.
– തൊഴില്‍ കരാറിലോ ബന്ധപ്പെട്ട തൊഴില്‍ നിയമത്തിലോ പറഞ്ഞിട്ടുള്ള നിബന്ധകള്‍ പാലിച്ചില്ലെങ്കില്‍ നോട്ടീസ് പിരീഡ് ഇല്ലാതെയും വിരമിക്കല്‍ ആനുകൂല്യം നല്‍കാതെയും വീട്ടുജോലിക്കാരെ ഏകപക്ഷീയമായി പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുമതിയുണ്ട്.
– വീട്ടുജോലിക്കാര്‍ക്ക് കരാര്‍ കാലയളവില്‍ എപ്പോഴും നോട്ടീസ് ഇല്ലാതെ പിരിഞ്ഞുപോകാന്‍ അനുമതിയുണ്ട്. ഈ രീതിയില്‍ പിരിഞ്ഞു പോകുമ്പോള്‍ 2017ലെ 15ാം നമ്പര്‍ നിയമം 17ാം അനുഛേദത്തില്‍ പറഞ്ഞതു പ്രകാരമുള്ള വിരമിക്കല്‍ ആനുകൂല്യവും വാര്‍ഷിക അവധിയും വിമാന ടിക്കറ്റും ഉള്‍പ്പെടെ തൊഴിലുടമ നല്‍കണം
കാര്‍ഷിക തൊഴിലാളികള്‍, ആട്ടിടയന്മാര്, മല്‍സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള നിബന്ധനകള്‍
– സ്വകാര്യ മേഖലയിലെ സാധാരണ ജോലിക്കാര്‍ക്കുള്ള അതേ നിബന്ധകള്‍ തന്നെയാണ് ഇവര്‍ക്കും. കാര്‍ഷിക തൊഴിലാളികള്‍ക്കും ആട്ടിടയന്മാര്ക്കുമുള്ള ചില പ്രത്യേക വകുപ്പുകള്‍ 2012ലെ 17ാം നമ്പര്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് റസല്യൂഷനില്‍ ലഭ്യമാണ്.
പുതിയ തൊഴിലിലേക്ക് മാറുന്നത് നിലവിലുള്ള തൊഴിലുടമ തടഞ്ഞാല്‍ എന്ത് ചെയ്യും?
-തൊഴിലുടമ നീതിരഹിതമായി ജോലിമാറ്റം തടയുന്നു എന്ന് തോന്നിയാലോ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെങ്കിലോ ലേബര്‍ റിലേഷന്‍സ് ഡിപാര്‍ട്ട്മെന്റിന്റെ ഹോട്ട്ലൈന്‍ നമ്പറിലോ(16008), ഇമെയില്‍ വിലാസത്തിലോ ([email protected]) ബന്ധപ്പെടുകയോ തൊഴില്‍ മന്ത്രാലയം വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
Changing employers in Qatar without NOC: Explained