Sunday, June 20, 2021
Home Gulf Qatar പ്രവാസി സംഘടനാ കൂട്ടായ്മ ഖത്തറില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനമൊരുക്കുന്നു

പ്രവാസി സംഘടനാ കൂട്ടായ്മ ഖത്തറില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനമൊരുക്കുന്നു

ദോഹ: വിമാന സര്‍വ്വീസുകളുടെ അപര്യാപ്തതമൂലം ഖത്തറില്‍ നിന്നു കേരളത്തിലേക്ക് മടങ്ങാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് യാത്രാ സൗകര്യമൊരുക്കാന്‍ പ്രവാസി സംഘടനാ കൂട്ടായ്മ ചാര്‍ട്ടര്‍ വിമാനമൊരുക്കുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ നവാഫ് കൊടുങ്ങല്ലൂരിന്റെ നേതൃത്വത്തിലാണ് പ്രവാസി സോഷ്യല്‍ കമ്മിറ്റി എന്ന പേരില്‍ സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും കൂട്ടായ്മക്ക് രൂപംനല്‍കിയത്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് മിഷന്‍ ദോഹ ടു കേരള എന്ന പേരില്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുക.

ഇന്ത്യന്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍(ഐസിഡബ്ല്യുഎഫ്), ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍(ജികെപിഎ), പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍(പിഎംഒ), ഹസാത്ത് സ്‌പോര്‍ട്‌സ്, വിഖായ ഖത്തര്‍, കേരള കള്‍ച്ചറല്‍ സെന്റര്‍, മഞ്ഞപ്പട ഖത്തര്‍, കൃഷിയിടം ഖത്തര്‍, ഗ്ലോബല്‍ എന്‍ആര്‍ഐ വെല്‍ഫെയര്‍ അസോസിയേഷന്‍, സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ഖത്തര്‍ മലയാളീസ് തുടങ്ങിയയാണ് കൂട്ടായ്മയില്‍ ഉള്ളത്.

പരവമാധി കുറഞ്ഞനിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ അനുമതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും നവാഫ് കൊടുങ്ങല്ലൂര്‍ ഗള്‍ഫ് മലയാളിയോട് പറഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്കാണ് ചാര്‍ട്ടര്‍ വിമാനത്തില്‍ അവസരം ലഭിക്കുക. രോഗികള്‍, ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാന്‍ കഴിയാത്തവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാന്‍ കഴിയാത്തവര്‍, വാര്‍ഷിക അവധി ലഭിച്ചവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് മുന്‍ഗണന ലഭിക്കുക.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ശേഷം തുടര്‍നടപടികളെക്കുറിച്ച് അറിയിക്കുന്നതായിരിക്കും. യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ അനുമതികള്‍ക്കും അംഗീകാരങ്ങള്‍ക്കും വിധേയമായിരിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി എന്നത് കൊണ്ട് മാത്രം യാത്ര ഉറപ്പാകുന്നില്ലെന്നും
നിയമാനുസൃതമായ രേഖകളുള്ള ആളുകള്‍ക്ക് മാത്രമേ യാത്ര അനുവദിക്കൂ എന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Most Popular