Tuesday, September 21, 2021
Home Gulf Bahrain മാറി മറിയുന്ന ചാര്‍ട്ടര്‍ വിമാന നിബന്ധനകളും കോവിഡ് ടെസ്റ്റ് തിട്ടൂരവും

മാറി മറിയുന്ന ചാര്‍ട്ടര്‍ വിമാന നിബന്ധനകളും കോവിഡ് ടെസ്റ്റ് തിട്ടൂരവും

ഷക്കീബ് കൊളക്കാടന്‍

shakeeb kolakkadan
ഷക്കീബ് കൊളക്കാടന്‍

വന്‍കിട വ്യവസായ പ്രമാണിമാര്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്ന പോലെ എളുപ്പമല്ല പ്രവാസലോകത്ത് ഈ കൊറോണ പ്രതിസന്ധിയില്‍ അകപ്പെട്ടു പോയ നാട്ടുകാരെ രക്ഷിച്ചു ഉറ്റവരുടെ അടുത്തെത്തിക്കാനായി സംഘടനകളും കമ്പനികളും വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത്. ഇതിനുള്ള കടമ്പകള്‍ നിരവധിയാണ്. ആദ്യമാദ്യം എളുപ്പമെന്ന് തോന്നുകയും ചിലര്‍ക്കെങ്കിലും സാധ്യമാവുകയും ചെയ്ത ഈ സര്‍വ്വീസ് പിന്നീട് മറികടക്കാന്‍ പ്രയാസപ്പെടുന്ന ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളില്‍ കെട്ടിപ്പിണഞ്ഞു കിടക്കുകയാണ്. എല്ലാ അനുമതി പത്രങ്ങളും ലഭിച്ചിട്ടും വിമാനം പറത്താന്‍ ആകാത്ത വിധം ചില നിസ്സഹായതകളിലാണ് സംഘടനകളും കമ്പനികളും സഹായിക്കാന്‍ മുന്നോട്ടു വന്ന എയര്‍ലൈനുകളും. അതിനിടയിലാണ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൂടി യാത്രക്കാര്‍ കയ്യില്‍ കരുതണമെന്ന കേരള സര്‍ക്കാര്‍ തിട്ടൂരം.

ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്ത് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് തങ്ങളുടെ ആളുകളെ എത്തിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകളോ സ്വകാര്യ കമ്പനികളോ ആദ്യം ചെയ്യേണ്ടത് ഇന്ത്യന്‍ എംബസിയില്‍ ഈ വിവരം അറിയിക്കുകയാണ്. എംബസി അനുകൂലമായി പ്രതികരിച്ചാല്‍ നമുക്ക് ചാര്‍ട്ടര്‍ ചെയ്യാനുദ്ദേശിക്കുന്ന വിമാനകമ്പനിയുമായി ധാരണയിലെത്തി അവരുടെ ഫ്‌ളൈറ്റ് നമ്പറും കൃത്യമായ സീറ്റ് വിവരങ്ങളും വാങ്ങണം. ഇവരുടെ വിമാനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് കൊണ്ട് പോകാന്‍ അനുമതിയുള്ള ആളുകളുടെ എണ്ണം കിട്ടിയാല്‍ നമുക്ക് ആ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുടെ എക്‌സല്‍ ഷീറ്റ് തയ്യാറാക്കാം. യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ റീപാട്രിയേഷന്‍ ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യന്‍ എംബസിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണം. നോര്‍ക്ക രജിസ്ട്രേഷനും അനിവാര്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

icwf ticket help

പ്രത്യേക ഫോര്‍മാറ്റിലുള്ള യാത്രക്കാരുടെ വിശദവിവരമടങ്ങിയ എക്‌സല്‍ ഷീറ്റും വിമാനകമ്പനിയുമായുള്ള കരാറിന്റെ കോപ്പിയും ഫ്‌ളൈറ്റിന്റെ നമ്പറും എല്ലാം സഹിതമാണ് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും അനുമതിക്കായി ഇന്ത്യന്‍ മിഷനില്‍ സമര്‍പ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ എല്ലാം ഓണ്‍ലൈന്‍ വഴി മാത്രം.

ഇന്ത്യന്‍ എംബസി അത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിക്കായി അയക്കും. സംസ്ഥാന സര്‍ക്കാര്‍ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഐസൊലേഷന്‍/ ക്വാറന്റീന്‍ സൗകര്യങ്ങളെല്ലാം സാധ്യമാകുമെന്ന് ഉറപ്പു വരുത്തിയാണത്രെ അനുമതി ഓരോ വിമാനങ്ങള്‍ക്കും പ്രത്യേകമായി നല്‍കുന്നത്. സംസ്ഥാനം പച്ചക്കൊടി കാണിച്ചാല്‍ പിന്നീട് വിദേശകാര്യ മന്ത്രാലയം കൂടി അനുമതി നല്‍കണം. ഇത് രണ്ടും ലഭിച്ചതായി ഇന്ത്യന്‍ എംബസിയില്‍ നിന്നു മറുപടി ലഭിക്കുമ്പോഴേക്കും ഏകദേശം ഏഴ് മുതല്‍ പത്ത് ദിവസം വരെയെടുക്കും.

ഈ രണ്ടു അനുമതിയും ലഭിച്ചതായി അറിയിച്ചു കൊണ്ട് ഇന്ത്യന്‍ എംബസി നല്‍കുന്ന ഇമെയില്‍ സന്ദേശത്തിന്റെ കോപ്പി വച്ച് എയര്‍ലൈന്‍ കമ്പനി ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയേയും (ഡിജിസിഎ) അതത് വിദേശ രാജ്യത്തെ ഏവിയേഷന്‍ വിഭാഗത്തെയും (സൗദിയില്‍ ആണെങ്കില്‍ സൗദി ഏവിയേഷന്‍-ജിഎസിഎ) ഈ പ്രത്യേക വിമാനത്തിന്റെ പറക്കാനുള്ള അനുമതികള്‍ക്കായി സമീപിക്കണം. ഇവിടെയാണ് യഥാര്‍ത്ഥ വൈതരണികള്‍ വിലങ്ങുതടിയാകുന്നത്.

ദേശീയ വിമാന കമ്പനികള്‍ വേണമെന്ന് നിബന്ധന
സംഘടനകള്‍ക്കും കമ്പനികള്‍ക്കും ഏതു വിമാന കമ്പനിയെയും ഉപയോഗപ്പെടുത്തി വിമാനം ചാര്‍ട്ടര്‍ ചെയ്യാമെന്ന് ഇരു അതോറിറ്റികളും പറയുമ്പോഴും ഇന്ത്യന്‍ വിമാനകമ്പനികള്‍ പ്രോത്സാഹിപ്പിക്കണമെന്നു ഡിജിസിഎയും സൗദി വിമാന കമ്പനികള്‍ക്ക് പരിഗണന നല്‍കണമെന്ന് ജിഎസിഎയും നിര്‍ദ്ദേശിക്കുന്നു. ഇതുകൊണ്ടു തന്നെ സ്ലോട്ട് അപ്രൂവല്‍ ലഭിച്ചു കഴിഞ്ഞാലും ഷെഡ്യൂള്‍ അപ്രൂവല്‍ ആകുന്നതിന് പ്രയാസം നേരിടുന്നു. മതിയായ സമയ പരിധി കൊടുത്തു കൊണ്ട് അപേക്ഷ സമര്‍പ്പിച്ചിട്ടു പോലും എല്ലാ അനുമതിയും ലഭിച്ച വിമാനങ്ങള്‍ യാത്രക്കാരെയും കൊണ്ട് പറന്നുയരാന്‍ സാധിക്കാതെ വരുന്നത് ഇത്തരം സാങ്കേതിക തടസ്സങ്ങള്‍ വിലങ്ങു തടിയാകുന്നത് കൊണ്ടാണ്. ദേശീയ വിമാനകമ്പനികള്‍ ഫ്‌ളൈറ്റ് നമ്പറുകള്‍ നല്‍കണമെങ്കില്‍ ചാര്‍ട്ടര്‍ ഫ്‌ളൈറ്റിന്റെ പകുതി പൈസയെങ്കിലും അഡ്വാന്‍സ് നല്‍കണമെന്ന നിബന്ധനയും ഈ പ്രയാസ കാലത്ത് ഒട്ടും പ്രായോഗികമല്ല. മിക്ക ദേശീയ വിമാനകമ്പനികളിലെയും ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2200 റിയാലും അതിലധികവുമാണ് എന്നതും ഏറെ പ്രയാസപ്പെടുത്തുന്നു.

48 മണിക്കൂര്‍ മുമ്പ് കോവിഡ് ടെസ്റ്റ് എന്ന കടമ്പ

chartered fight covid test
ഈ കടമ്പകളെല്ലാം എങ്ങിനെയെങ്കിലും ചാടിക്കടന്ന് വിമാനം പറത്താം എന്ന നിലയിലെത്തുമ്പോഴാണ് 48 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റ് ചെയ്ത റിപോര്‍ട്ട് കൈയില്‍ കരുതണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിബന്ധന. മാസങ്ങളായി സൗദി അറേബ്യയിലെ കോവിഡ് പരിശോധന രീതിയെ അടുത്തറിയാവുന്നത് കൊണ്ട് തന്നെ ഈ നിര്‍ദ്ദേശം തീര്‍ത്തും അപ്രായോഗികമാണെന്ന് പറയാന്‍ കൂടുതല്‍ ആലോചിക്കേണ്ടതില്ല.

സൗജന്യമായി കോവിഡ് പരിശോധന നടത്തുന്ന സര്‍ക്കാര്‍ സംവിധാനം വളരെ കാര്യക്ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവരുടെ രോഗലക്ഷണങ്ങളുടെ തീവ്രതക്കനുസരിച്ചു പരിശോധന തീയ്യതി ലഭിക്കുന്നത് രണ്ടു ദിവസം മുതല്‍ രണ്ടാഴ്ച വരെ നീണ്ടു പോയേക്കാം. രോഗം കലശലാണെങ്കില്‍ നേരെ ആശുപത്രിയിലെത്തിച്ച് പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാണ്. എന്നാല്‍, ഇതിനൊന്നും രോഗലക്ഷണം കാണിക്കാത്ത ഒരാള്‍ക്ക് സാധ്യമല്ല അല്ലെങ്കില്‍ പ്രയാസമാണ് എന്നതാണ് സത്യം. അത് മാത്രവുമല്ല ഇതിന്റെ റിസള്‍ട്ട് സര്‍ട്ടിഫിക്കറ്റ് ആയിട്ടല്ല മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് ആയിട്ട് മാത്രമേ അയക്കൂ എന്നതും ഒരു യാഥാര്‍ഥ്യമാണ്.

സൗദിയില്‍ റാപിഡ് ടെസ്റ്റിന് അനുമതിയില്ല
റാപിഡ് ടെസ്റ്റോ ആന്റി ബോഡി ടെസ്റ്റോ നിയമവിരുദ്ധമായ സൗദി അറേബ്യയില്‍ ഇത് ആരെങ്കിലും നടത്തുന്നതായറിഞ്ഞാല്‍ ആ സ്ഥാപനത്തിന് വന്‍തുക പിഴ ഒടുക്കേണ്ടി വരും എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് ലഭ്യമായ പിസിആര്‍ ടെസ്റ്റിന് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് 1500 റിയാല്‍ ആണ്. ഇത്രയും വലിയ തുക നല്‍കി യാതൊരു രോഗലക്ഷണവും ഇല്ലാത്തവര്‍ കൂടി ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ കഴിയൂ എന്നത് തീര്‍ത്തും അപ്രായോഗികവും പ്രവാസി സമൂഹത്തോട് ചെയ്യുന്ന നന്ദികേടുമാണ്.

പിപിഇ കിറ്റുകള്‍ സുരക്ഷിതം

qatar airways job cut
വിമാന യാത്രകളില്‍ തീര്‍ത്തും സുരക്ഷിതമായി യാത്രക്കാരനും സഹയാത്രികര്‍ക്കും സുരക്ഷ ഉറപ്പാക്കാവുന്ന പിപിഇ കിറ്റുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഒട്ടേറെ സംഘടനകള്‍ ഇത്തരം കിറ്റുകള്‍ സൗജന്യമായി യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ എത്തിച്ചു നല്‍കുന്നുമുണ്ട്. ഇത്തരം സുരക്ഷാ കിറ്റുകളും എന്‍ 95 മാസ്‌ക്കും കൈയുറകളും ഉപയോഗിച്ചാല്‍ സുരക്ഷിതമായി ആര്‍ക്കും വിമാനയാത്ര ചെയ്യാം. അങ്ങിനെ നാട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരനെ വിമാനത്താവള ലോബിയില്‍ ഇരുത്തി റാപിഡ് ടെസ്റ്റ് നടത്തി വൈറസ് ബാധ ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം സ്വന്തം വീടുകളിലേക്കോ സര്‍ക്കാര്‍ ക്വാറന്റീന്‍ സംവിധാനത്തിലേക്കോ അയച്ചാല്‍ മതിയാകും. ഈ ടെസ്റ്റിനുള്ള ചിലവ് സര്‍ക്കാരിന് വഹിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ യാത്രക്കാരന്‍ സ്വയം കൊടുക്കാനും തയ്യാറാണ്.

അതല്ലാതെ അശാസ്ത്രീയമായ നിര്‍ദ്ദേശങ്ങളുമായി പ്രവാസി സമൂഹത്തെ മരണത്തിനു വിട്ടു കൊടുക്കാന്‍ ഈ മഹാമാരിയുടെ സമയത്ത് രക്ഷാകവചമാകേണ്ട സര്‍ക്കാര്‍ മുന്നിട്ടിറങ്ങരുത്. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ സംസ്ഥാന സര്‍ക്കാരിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കും എന്ന ചിന്ത തീര്‍ത്തും അസ്ഥാനത്താണ് എന്ന് പറയാതെ വയ്യ.

 

Most Popular