Friday, July 30, 2021
Home Newsfeed ഖത്തറുമായി വൈകാരിക ബന്ധം; വരാനിരിക്കുന്ന മല്‍സരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന് സുനില്‍ ഛേത്രി

ഖത്തറുമായി വൈകാരിക ബന്ധം; വരാനിരിക്കുന്ന മല്‍സരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന് സുനില്‍ ഛേത്രി

ദോഹ: ഖത്തറുമായുള്ള വൈകാരിക ബന്ധവും ഇവിടെയുള്ള സ്‌റ്റേഡിയങ്ങളില്‍ കളിക്കാനുള്ള ആവേശവും പങ്കുവച്ച് ഇന്ത്യയുടെ സൂപ്പര്‍ താരം സുനില്‍ ഛേത്രി. ദോഹയുമായി തനിക്ക് വൈകാരികമായൊരു ബന്ധമുണ്ടെന്നും മത്സരങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഛേത്രി പറഞ്ഞു. 2022ലെ ലോകകപ്പ് യോഗ്യതക്കും 2023ലെ ഏഷ്യന്‍ കപ്പ് ക്വാളിഫൈയര്‍ യോഗ്യതക്കും വേണ്ടിയുള്ള മത്സരങ്ങള്‍ക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക് കോവിഡ് അണുബാധയില്‍ നിന്നു മുക്തനായ സുനില്‍ ഛേത്രിയും തിരിച്ചെത്തിയിട്ടുണ്ട്.

‘ദോഹയുമായി എനിക്കെപ്പോഴും ഒരു വൈകാരികമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. ഇവിടെയാണ് ഞാന്‍ 2011ലെ ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ കളിച്ചത്. അതിനു പുറമെ ബംഗളൂരു എഫ്സിക്കൊപ്പം എഎഫ്സി കപ്പ് ഫൈനലിനും ഞാനിവിടെ ഇറങ്ങിയിട്ടുണ്ട്. അവസാനം ദോഹയില്‍ വന്നപ്പോള്‍ ഖത്തറിനെതിരായ മത്സരത്തില്‍ അസുഖം മൂലം പങ്കെടുക്കാന്‍ കഴിയാത്തതു കൊണ്ട് വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കയാണ്.’- ഛേത്രി പറഞ്ഞു.

ഇന്ത്യന്‍ ടീമിന് ഒരുങ്ങാന്‍ വേണ്ടത്ര സമയം ലഭിച്ചിട്ടില്ലെന്നതു കൊണ്ട് ജൂണില്‍ നടക്കുന്ന മത്സരങ്ങള്‍ വളരെ കടുപ്പമേറിയതായിരിക്കം. എന്നാല്‍, മത്സരത്തിനു മുന്‍പുള്ള പരിശീലന ക്യാമ്പ് ഖത്തറിനെ നേരിടുന്നതിനു മുന്‍പു ടീമിനെ ഇണക്കിച്ചേര്‍ക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യന്‍ ടീം ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ കളിക്കുന്നത്. നിലവില്‍ ഗ്രൂപ്പ് ഇയില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെങ്കിലും ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയാല്‍ എഎഫ്സി കപ്പ് ക്വാളിഫയേഴ്സിലേക്ക് എത്താന്‍ കഴിയും. അതുകൊണ്ടു തന്നെ ഈ മൂന്നു മത്സരങ്ങളില്‍ നിന്നും പരമാവധി പോയിന്റ് നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ALSO WATCH

Most Popular