Saturday, July 31, 2021
Home VIDEO News Video ഖത്തറില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ ഇളവ്

ഖത്തറില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ ഇളവ്

ദോഹ: വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ജൂലൈ 12 മുതലാണ് പുതിയ യാത്രാ നയം നടപ്പില്‍ വരുന്നത്.

ഗ്രീന്‍ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന ചില വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനത്തില്‍ പറയുന്നത്. ഖത്തറിലേക്ക് ഒറ്റയ്ക്ക വരുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന കുട്ടികള്‍ക്കും ഇളവ് ലഭിക്കും. എന്നാല്‍, കുട്ടികള്‍ 7 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം.

ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് ലഭിക്കുന്ന മറ്റ് വിഭാഗങ്ങള്‍
1. ഖത്തറില്‍ രണ്ടാം ഡോസ് എടുക്കുകയും 14 ദിവസം പൂര്‍ത്തിയാക്കാതിരിക്കുകയും ചെയ്തവര്‍ ഖത്തറിലെത്തിയാല്‍ പരമാവധി 7 ദിവസമോ അല്ലെങ്കില്‍ 14 ദിവസം പൂര്‍ത്തിയാവുന്നതുവരെയോ ഹോം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി

2. വാക്‌സിനെടുക്കാത്ത 75 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്കും കൂടെ വരുന്ന ഒരാള്‍ക്കും ഹോം ക്വാറന്റീനില്‍ കഴിയാം

3. വാക്‌സിനെടുത്ത ഭര്‍ത്താവിന്റെയോ ഒരേ വീട്ടില്‍ താമസിക്കുന്ന വാക്‌സിനെടുത്ത ബന്ധുവിന്റെയോ കൂടെ വരുന്ന ഗര്‍ഭീണികള്‍

4. വാക്‌സിനെടുത്ത ഭര്‍ത്താവിന്റെയോ വാക്‌സിനെടുത്ത ബന്ധുവിന്റെയോ കൂടെ വരുന്ന മുലയൂട്ടുന്ന അമ്മമാരും 2 വയസ്സ് വരെയുള്ള കുട്ടികളും

5. ഖത്തര്‍ സര്‍ക്കാര്‍ ചെലവില്‍ വിദേശത്ത് ചികില്‍സയ്ക്ക് പോയി മടങ്ങുന്ന വാക്‌സിനെടുക്കാത്ത രോഗികള്‍ക്കും കൂടെ വരുന്ന ഒരാള്‍ക്കും

മുകളില്‍ പറഞ്ഞ വിഭാഗങ്ങള്‍ ഹോം ക്വാറന്റീന്‍ നിര്‍ദേശം പാലിക്കുമെന്ന് സത്യവാങ്മൂലം എഴുതി നല്‍കണം. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സത്യവാങ്മൂലം രക്ഷിതാക്കളാണ് എഴുതി നല്‍കേണ്ടത്.

Most Popular