
സി കെ മേനോന് മനുഷ്യസ്നേഹത്തിന്റെ മറുവാക്ക് പ്രകാശനം ചെയ്തു
ദോഹ: നിരുപാധികമായ മനുഷ്യസ്നേഹം കൊണ്ട് ജീവിതം അടയാളപ്പെടുത്തി കടന്ന് പോയ പത്മശ്രീ അഡ്വ. സി കെ മേനോന്റെ പ്രഥമ ഓര്‍മപുസ്തകം ദോഹയില്‍ പ്രകാശനം ചെയ്തു. സ്കില്‍സ് ഡവലപ്മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന നിറഞ്ഞ സദസ്സില്‍ ഖത്തറിലെ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കള്‍ ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ പി മണി കണ്ഠന്, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡണ്ട് പി എന്‍ ബാബുരാജന്, ഒഐസിസി ഗ്ളോബല്‍ കമ്മറ്റി വൈസ്പ്രസിഡണ്ട് കെ കെ ഉസ്മാന്, ജനറല്‍ സെക്രട്ടറി ജോപ്പച്ചന്‍ തെക്കേക്കുറ്റ്, കേരള ഭൂഷണം ദിനപത്രം മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ സി ചാക്കോ, ഭവന്‍സ് പബ്ളിക് സ്ക്കൂള് പ്രിന്‍സിപ്പല്‍ ഫിലിപ്പ്, അക്കോണ്‍ ഗ്രൂപ്പ് വെഞ്ച്വഴ്സ് ചെയര്മാന് ഡോ. ശുക്കൂര്‍ കിനാലൂര്‍, ചാലിയാര്‍ ദോഹ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട്, ഇന്‍കാസ് നേതാക്കളായ ഹൈദര്‍ ചുങ്കത്തറ, ജോണ്‍ ഗില്‍ബര്‍ട്, ടിജെഎസ്വി ഗാല്‍വനൈസിംഗ് ആന്റ് ഫാബ്രിക്കേഷന്‍സ് കമ്പനി വൈസ് ചെയര്മാന് ആര് ഒ അബ്ദുല്‍ ഖാദര്‍, ഭവന്‍സ് പബ്ലിക് സ്ക്കൂള് ജനറല്‍ സെക്രട്ടറി കെ എം അനില്‍, മുഹമ്മദ് പാറക്കടവ്, എം ടി നിലമ്പൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രകാശന ചടങ്ങിന് നേതൃത്വം നല്കി.
മേനോന്റെ മക്കളായ ജെ കെ മേനോന്, അജ്ഞന മേനോന് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റു കൂട്ടി. സി കെ മേനോന്റെ സംഭവ ബഹുലമായ ജീവിതം കുറേ നന്മകള് അവശേഷിപ്പിച്ചതായും ആ നന്മകളുടെ പൂര്‍ത്തീകരണമാണ് അദ്ദേഹത്തോടുള്ള ആദരമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി കുമരന്റെ നിര്‍ദ്ദേശാനുസരണം അടുത്ത വര്‍ഷം മുതല്‍ മേനോന്റെ പേരില്‍ വിവിധ സേവന മേഖലകളില്‍ മികച്ച സംഭാവനകളര്‍പ്പിക്കുന്നവര്‍ക്ക് ഐസിബിഎഫ് അവാര്‍ഡ് നല്‍കുമെന്ന് പ്രസിഡണ്ട് പി എന്‍ ബാബുരാജന് പറഞ്ഞു.
അച്ഛന്റെ പാരമ്പര്യം സന്തോഷത്തോടെ പിന്തുടരുമെന്നും മനുഷ്യ സ്നേഹമാണ് ഏറ്റവും വലിയ വികാരമെന്നാണ് അച്ചന് ഞങ്ങളെ പഠിപ്പിച്ചതെന്നും ജെ കെ മേനോന് പറഞ്ഞു. മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ബിനോയ് വിശ്വം എംപി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അഡ്വ. പി എസ് ശ്രീധരന് പിള്ള, കെ സി ജോസഫ് എംഎല്‍എ, മന്‍സൂര്‍ പള്ളൂര്‍, ആര് എസ് ബാബു, വി ബല്‍റാം, ഡോ. കെ സി ചാക്കോ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ ഓര്‍മക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഡോ. അമാനുല്ല വടക്കാങ്ങരയാണ് പുസ്തകത്തിന്റെ എഡിറ്റര്‍. പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.