Friday, August 6, 2021
Home Ediotrs Pick ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി ബര്‍വ കൊമേഴ്‌സ്യല്‍ അവന്യുവില്‍; കാംപസ് കെട്ടിടം കൈമാറി

ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി ബര്‍വ കൊമേഴ്‌സ്യല്‍ അവന്യുവില്‍; കാംപസ് കെട്ടിടം കൈമാറി

ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്സിറ്റിയായ എംഐഇ എസ്പിപിയു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്റെ കാംപസ് കെട്ടിട കൈമാറ്റ ചടങ്ങ് ബര്‍വ കൊമേഴ്‌സ്യല്‍ അവന്യുവില്‍ വച്ച് നടന്നു. ബര്‍വ കൊമേഴസ്യല്‍ അവന്യു സിഇഒ അബ്ദുല്ല ഹൈദറില്‍ നിന്ന് മൈല്‍സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷന്‍ ചെയര്‍മാന്‍ അലി അബ്ദുല്‍ ലത്തീഫ് അല്‍ മിസ്‌നദി രേഖകള്‍ ഏറ്റുവാങ്ങി.

ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍, മൈല്‍സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷന്‍ ചെയര്‍മാന്‍ അലി അബ്ദുല്‍ ലത്തീഫ് അല്‍ മിസ്‌നദി, ചീഫ് പാട്രണ്‍ മുഹമ്മദ് ബിന്‍ ഹമ്മാം അല്‍ അബ്ദുല്ല, പ്രസിഡന്റ് ഹസന്‍ ചൗഗ്ലെ, ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ അലി, ആയിഷ മുഹമ്മദ് ബിന്‍ ഹമ്മാം അല്‍ അബ്ദുല്ല, നാസിര്‍ അല്‍ ഇമാദി, ഹേമന്ത് തിവാരി, യാസിര്‍ നൈനാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഐന്‍ഖാലിദില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലുള്ള ബര്‍വ കൊമേഴ്സ്യല്‍ അവന്യുവിലാണ് എംഐഇ എസ്പിപിയു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്റെ കാംപസ് പ്രവര്‍ത്തിക്കുന്നത്.
ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ബാച്ചിലര്‍ ഓഫ് കൊമേഴ്സ്, ബാച്ചിലര്‍ ഓഫ് ആര്‍ട്സ്, ബാച്ചിലര്‍ ഓഫ് സയന്‍സ് കോഴ്സുകളാണ് നിലവില്‍ ഖത്തറിലെ കാംപസില്‍ നിന്ന് നല്‍കുന്നത്.

ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ നാഴികക്കല്ലായിരിക്കും ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയുടെ തുടക്കമെന്ന് അംബാസഡര്‍ ദീപക് മിത്തല്‍ പറഞ്ഞു.

30,000 റിയാല്‍ മുതല്‍ 36,000 റിയാല്‍ വരെയാണ് വിവിധ കോഴ്‌സുകള്‍ക്കുള്ള ഫീസ് നിരക്കെന്ന് പ്രസിഡന്റ് ഹസന്‍ ചൗഗ്ലെ പറഞ്ഞു.

ഖത്തറിലെ യൂനിവേഴ്‌സിറ്റികളില്‍ ഏറ്റവും കുറഞ്ഞ ഫീസ് നിരക്കാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സാവിത്രി ഭായി ഫൂലെ പുനെ യൂനിവേഴ്‌സിറ്റിയുടെ നിയന്ത്രണത്തില്‍ നടക്കുന്ന കോഴ്‌സുകള്‍ സപ്തംബറിലാണ് ആരംഭിക്കുക. പ്രവേശന നടപടികള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. 11 ക്ലാസ് റൂമുകളിലായി 660 വിദ്യാര്‍ഥികള്‍ക്കാണ് നിലവിലെ ക്യാംപസില്‍ പ്രവേശനം നേടാനാവുക. തുടക്കത്തില്‍ പുനെ യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള അധ്യാപര്‍ തന്നെയാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുക. പിന്നീട് അധ്യാപകരെ നേരിട്ട് റിക്രൂട്ട് ചെയ്യും.

ഖത്തറിലെ മറ്റു യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികള്‍ക്കുള്ള അതേ പരിഗണന തന്നെയാവും പുനെ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും ലഭിക്കുകയെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ അലി പറഞ്ഞു.

അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ 55008444 എന്ന നമ്പറില്‍ അഡ്മിഷന്‍ കൗണ്‍സിലറെ ബന്ധപ്പെടുകയോ www.miesppu.edu.qa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം. ഹയര്‍ സെക്കന്‍ഡറിക്ക് തുല്യമായ പഠനം പൂര്‍ത്തിയാക്കിയ ഏത് രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കും യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും.

1949ല്‍ സ്ഥാപിതമായ പൂനെ യൂനിവേഴ്സിറ്റി ഇന്ത്യന്‍ യൂനിവേഴ്സിറ്റികളുടെ റാങ്കിങ് പട്ടികയില്‍ 17ാം സ്ഥാനത്താണ്. പൂനെ യൂനിവേഴ്‌സിറ്റിക്കു കീഴില്‍ ഖത്തര്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മൈല്‍സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷനുമായി ചേര്‍ന്നാണ് എംഐഇ എസ്പിപിയു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍ എന്ന പേരില്‍ ഖത്തറിലെ കാംപസ് പ്രവര്‍ത്തിക്കുന്നത്.

 

Most Popular