Tuesday, May 18, 2021
Home Gulf Qatar എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ്; രോഗം കണ്ടെത്തിയത് പറക്കുന്നതിന് തൊട്ടുമുമ്പ്

എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ്; രോഗം കണ്ടെത്തിയത് പറക്കുന്നതിന് തൊട്ടുമുമ്പ്

ന്യൂഡല്‍ഹി: അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കോവിഡ്. രോഗം ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്ന ഇവര്‍ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പ്രീ-ഫ്ളൈറ്റ് പരിശോധനയിലാണ് രോഗം കണ്ടെത്താനായത്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവര്‍ ചൈനയിലേക്ക് അടുത്തിടെ ചരക്കു വിമാനങ്ങള്‍ പറത്തിയിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായിട്ടായിരുന്നു സര്‍വീസ്.

പൈലറ്റുമാരേയും മറ്റു വിമാനം ജീവനക്കാരെയും യാത്രക്കും മുമ്പും ശേഷവും കര്‍ശന ആരോഗ്യ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. യാത്ര അവസാനിച്ചതിന് ശേഷം പരിശോധന നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമേ ഇവരെ താമസസ്ഥലങ്ങളിലേക്ക് വിടാറുള്ളൂ. ഫലം വരുന്നത് വരെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഹോട്ടലുകളിലാണ് പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും താമസിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ വീണ്ടും കോവിഡ് പരിശോധന നടത്തും. ഇത് നെഗറ്റീവാകുകയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും രോഗമില്ലാതിരിക്കുകയും ചെയ്താല്‍ മാത്രമേ അടുത്ത ഡ്യൂട്ടിക്ക് ഇവരെ നിയോഗിക്കുകയുള്ളൂ.

പൈലറ്റുമാരില്‍ രോഗം കണ്ടെത്തിയത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Most Popular