ദോഹ: ഖത്തറിലെ ഒരു സ്പോര്‍ട്സ് ക്ലബ്ബിലുള്ള ജിംനേഷ്യത്തില്‍ എത്തിയ ഏതാനും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിനായി ക്ലബ്ബിലെ രജിസ്റ്റര്‍ പരിശോധിക്കുകയും ഈ സമയത്ത് ക്ലബ്ബിലെത്തിയവരെ മുഴുവന്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവര്‍ വ്യാഴാഴ്ച്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകീട്ട് 4 മുതല്‍ രാത്രി 9 വരെയുമുള്ള സമയത്ത് അല്‍ സദ്ദ് സ്പോര്‍ട്സ് ക്ലബ്ബിലെ അല്‍ അതിയ്യ ഹാളിലെത്തി കോവിഡ് ടെസറ്റിന് വിധേയമാവണമെന്ന് മന്ത്രാലയം അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയെല്ലാം ഇഹ്തിറാസ് ആപ്പ് യെല്ലോ ആക്കി മാറ്റിയിട്ടുണ്ട്. ക്വാറന്റീന് കാലയളവ് കഴിയുന്നതുവരെ ഇത് യെല്ലോയായി തുടരും. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട്ലൈന്‍ നമ്പറായ 16,000ല്‍ ബന്ധപ്പെടാവുന്നതാണ്.