Monday, May 10, 2021
Home Newsfeed ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് മുതല്‍ യാത്രാ ആവശ്യങ്ങള്‍ക്കുള്ള കോവിഡ് പരിശോധന നിര്‍ത്തുന്നു

ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് മുതല്‍ യാത്രാ ആവശ്യങ്ങള്‍ക്കുള്ള കോവിഡ് പരിശോധന നിര്‍ത്തുന്നു

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ യാത്രാ ആവശ്യങ്ങള്‍ക്കുള്ള സൗജന്യ കോവിഡ് പരിശോധന നിര്‍ത്തുന്നു. രാജ്യത്ത് കോവിഡ് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന ഈ തീരുമാനം. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ കീഴിലുള്ള സെന്ററുകളില്‍ ഇന്നു(ഞായറാഴ്ച) യാത്രാ ആവശ്യങ്ങള്‍ക്കുള്ള സൗജന്യ പരിശോധന ഉണ്ടാവില്ലെന്ന് ഗള്‍ഫ് മാധ്യമം റിപോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് അതത് ആശുപത്രികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അതേസമയം, ഖത്തര്‍ റെഡ്ക്രസന്റിന്റെ ഹെല്‍ത്ത് സെന്ററുകളില്‍ സേവനം തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇനിമുതല്‍ കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കു മാത്രം കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. ലക്ഷണങ്ങളില്ലാതെ പരിശോധനയ്ക്ക ചെല്ലുന്നവരെ ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് മടക്കി അയക്കുന്നുണ്ട്. യാത്രാ ആവശ്യങ്ങള്‍ക്കുള്ള കോവിഡ് പരിശോധനക്ക് വരുന്നവരോട് സ്വകാര്യ ആശുപത്രികളെ സമീപിക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ 350 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് കോവിഡ് പരിശോധനക്ക് സ്വകാര്യ ആശുപത്രികളില്‍ വേണ്ടത്. സ്വകാര്യ ക്ലിനിക്കുകളില്‍ ശേഖരിക്കുന്ന സ്വാബ് ഹമദ് ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്. ഇതിന് വേണ്ടി 300 റിയാലോളം ഹമദ് ആശുപത്രിക്ക് നല്‍കേണ്ടതുണ്ടെന്നു സ്വകാര്യ ക്ലിനിക്കുകള്‍ പറയുന്നു.

നിലവില്‍ ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് പോകുന്ന എല്ലാവര്‍ക്കും മുന്‍കൂട്ടിയുള്ള കോവിഡ് പരിശോധന നിര്‍ബന്ധമാണ്. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. ചെക്ക് ഇന്‍ സമയത്ത് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാരന് നാട്ടിലെ വിമാനത്താവളത്തില്‍ മോളിക്കുലാര്‍ പരിശോധനയും നടത്തും.

ഫാമിലി ഹെല്‍ത്ത് കാര്‍ഡില്‍ ഓരോരുത്തരുടെയും ഹെല്‍ത്ത് സെന്റര്‍ എവിടെയാണോ അവിടെയാണ് യാത്ര ആവശ്യങ്ങള്‍ക്കായുള്ള പരിശോധന നടത്തിയിരുന്നത്. ഇവര്‍ക്ക് 50 റിയാലാണ് ഫീസ്. ഞായറാഴ്ച മുതല്‍ ഈ ആവശ്യക്കായി വരുന്നവരോട് സ്വകാര്യ ആശുപത്രികളില്‍ പോകാനാണ് നിര്‍ദേശിക്കുക.

നിലവില്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കും ബാച്‌ലേഴ്‌സിനും സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന നടത്തുന്നുണ്ട്. ബാച്‌ലേഴ്‌സ്, കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്നവര്‍, പുരുഷ തൊഴിലാളികള്‍ എന്നിവര്‍ക്ക് ഖത്തര്‍ റെഡ്ക്രസന്റിന്റെ ഓള്‍ഡ് ദോഹ പെട്രോള്‍ സ്‌റ്റേഷനടുത്തുള്ള ഫരീജ് അബ്ദുല്‍ അസീസ് ഹെല്‍ത്ത് സെന്റര്‍, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ 38ലെ ഹിമൈലിയ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് ഈ സേവനം ഉള്ളത്. രോഗികള്‍കൂടി വരുന്ന സാഹചര്യത്തില്‍ ഇനി കോവിഡ് ലക്ഷണമുള്ളവര്‍ക്ക് മാത്രം ഈ പരിശോധന പരിമിതപ്പെടുത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്.

കോവിഡ് പരിശോധനാ സൗകര്യമുള്ള സ്വകാര്യ ക്ലിനിക്കുകള്‍

അല്‍ ഇമാദി ആശുപത്രി, ടര്‍ക്കിഷ് ആശുപത്രി, ദോഹ ക്ലിനിക് ആശുപത്രി, അല്‍ അഹ്‌ലി ആശുപത്രി, ക്യൂന്‍ ആശുപത്രി, ഡോ. മൂപ്പന്‍സ് ആസ്റ്റര്‍ ആശുപത്രി, മഗ്‌രിബി സെന്റര്‍ ഫോര്‍ ഐ-ഇ.എന്‍.ടി-ഡെന്റല്‍, എലൈറ്റ് മെഡിക്കല്‍ സെന്റര്‍, വെസ്റ്റ്‌ബേ മെഡികെയര്‍, സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്റര്‍, ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്റര്‍, ഡോ. ഖാലിദ് അല്‍ ശൈഖ് അലിസ് മെഡിക്കല്‍ സെന്റര്‍, അല്‍ ജുഫൈരി ഡയഗ്‌നോസിസ് ആന്‍ഡ് ട്രീറ്റ്‌മെന്റ്, അല്‍ അഹ്‌മദാനി മെഡിക്കല്‍ സെന്റര്‍, ഇമാറ ഹെല്‍ത്ത് കെയര്‍, കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍, അലീവിയ മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ് അല്‍ മുന്‍തസ, അല്‍ ജമീല്‍ മെഡിക്കല്‍ സെന്റര്‍, അറ്റ്‌ലസ് മെഡിക്കല്‍ സെന്റര്‍, അല്‍ തഹ്‌രീര്‍ മെഡിക്കല്‍ സെന്റര്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, ന്യൂ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ഖോര്‍, അല്‍ ഖയ്യാലി മെഡിക്കല്‍ സെന്റര്‍, അബീര്‍ മെഡിക്കല്‍ സെന്റര്‍, അല്‍ ഇസ്‌റ പോളി ക്ലിനിക്, വാല്യു മെഡിക്കല്‍ കോംപ്ലക്‌സ്, ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ എല്‍.എല്‍.സി, ഡോ. മാഹിര്‍ അബ്ബാസ് പോളി ക്ലിനിക്, സിദ്‌റ മെഡിസിന്‍.
ALSO WATCH

Most Popular