Saturday, June 19, 2021
Home Gulf Qatar കള്‍ച്ചറല്‍ ഫോറം ചാര്‍ട്ടര്‍ വിമാനം നാളെ ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക്; സൗജന്യ വിമാനം 28ന്

കള്‍ച്ചറല്‍ ഫോറം ചാര്‍ട്ടര്‍ വിമാനം നാളെ ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക്; സൗജന്യ വിമാനം 28ന്

ദോഹ: കോവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് വേണ്ടി വെല്‍ഫെയര്‍ പാര്‍ട്ടി ഖത്തര്‍ ഘടകം കള്‍ച്ചറല്‍ ഫോറത്തിന്റെ ചാര്‍ട്ടര്‍ വിമാനം നാളെ രാവിലെ 10.30ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും. ഗോ എയര്‍ വിമാനമാണ് സര്‍വീസ് നടത്തുന്നത്. നാട്ടിലേക്ക് തിരിക്കാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ നിന്നു മുന്‍ഗണനാ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് യാത്രക്കാരെ തിരഞ്ഞെടുത്തിട്ടുള്ളത്. സൗജന്യ ടിക്കറ്റിലുള്ള യാത്രക്കാരും കണ്ണൂരിലേക്കുള്ള വിമാനത്തില്‍ ഉണ്ടായിരിക്കും. ഈ മാസം 30ന് കൊച്ചിയിലേക്കും ഗോ എയര്‍ ചാര്‍ട്ടേര്‍ഡ് സര്‍വീസ് നടത്തും.

കോവിഡ് മൂലം ദുരിതത്തിലായ 175ഓളം ആളുകള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായ ചാര്‍ട്ടര്‍ വിമാനം ഈ മാസം 28ന് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് സര്‍വീസ് നടത്തുമെന്നും കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി, അസീം ടെക്നോളജീസ്, മാധ്യമം, മീഡിയ വണ്‍ എന്നിവയും സൗജന്യ വിമാന സര്‍വീസ് പദ്ധതിയില്‍ കള്‍ച്ചറല്‍ ഫോറവുമായി സഹകരിക്കുന്നുണ്ട്.

എംബസി വഴി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നു കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാര്‍, ഗാര്‍ഹിക ജോലിക്കാരായ അര്‍ഹരായ വനിതകള്‍, വിസ ഓണ്‍ അറൈവല്‍, ബിസിനസ് വിസ എന്നിവയില്‍ ഖത്തറില്‍ വന്ന് തിരിച്ച് പോകാന്‍ പ്രയാസപ്പെടുന്ന സ്ത്രീകള്‍, ജോലി നഷ്ടപ്പെട്ട രോഗികളായ താഴ്ന്ന വരുമാനക്കാര്‍ തുടങ്ങിയവരെയാണ് മുന്‍ഗണന ലിസ്റ്റ് പ്രകാരം സൗജന്യ വിമാന സര്‍വീസിലേക്കുള്ള യാത്രക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഖത്തറില്‍ നിന്ന് ആദ്യമായി പോകുന്ന സൗജന്യ ചാര്‍ട്ടര്‍ സര്‍വീസും കള്‍ച്ചറല്‍ ഫോറത്തിന്റേതാണെന്ന് ഭാവാഹികള്‍ അവകാശപ്പെട്ടു.

Most Popular