Saturday, July 24, 2021
Home Business ഖത്തറിലെ റീട്ടെയില്‍ വിപണി ഉണരുന്നു; വരാനിരിക്കുന്നത് ഓഫറുകളുടെ പെരുമഴക്കാലം

ഖത്തറിലെ റീട്ടെയില്‍ വിപണി ഉണരുന്നു; വരാനിരിക്കുന്നത് ഓഫറുകളുടെ പെരുമഴക്കാലം

ദോഹ: കോവിഡ് മാഹാമാരി മൂലം ഒരു വര്‍ഷത്തോളമായി തളര്‍ന്നു കിടന്നിരുന്ന ഖത്തറിലെ റീട്ടെയില്‍ വ്യാപാര മേഖല വീണ്ടും സജീവമാവുന്നു. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ ഇളവ് വരുത്തിയതോടെ ഉപഭോക്താക്കള്‍ വീണ്ടും ഷോപ്പിങ് സെന്ററുകളില്‍ എത്തിത്തുടങ്ങി. മിക്ക മാളുകളിലും ഹൈപര്‍ മാര്‍ക്കറ്റുകളിലും ബില്ലിങ് കൗണ്ടറുകളില്‍ ഇപ്പോള്‍ നീണ്ട ക്യൂ ദൃശ്യമാണ്.

ഉപഭോക്താക്കള്‍ ഷോപ്പിങിന് ആത്മവിശ്വാസം പ്രകടിപ്പിച്ച് തുടങ്ങിയതോടെ പുതിയ കാംപയ്‌നുകളും ഓഫറുകളും പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ റീട്ടെയില്‍ മേഖല. ഉപഭോക്താക്കളുടെ ഡിമാന്റ് വര്‍ധിക്കുന്നതില്‍ കഴിഞ്ഞ മാസം നിര്‍ണായകമായിരുന്നുവെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മാളുകളിലും റസ്റ്റൊറന്റുകളിലും പ്രവേശിക്കാമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചത് റീട്ടെയില്‍ മേഖലയ്ക്ക് വലിയ തോതില്‍ ഗുണം ചെയ്തു. കുട്ടികള്‍ക്ക് വിലക്ക് വന്നതോടെ കുടുംബങ്ങള്‍ ഷോപ്പിങിന് പോകുന്നത് വലിയ തോതില്‍ കുറഞ്ഞിരുന്നു. ഹൈപര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും എത്തുന്നത് അത്യാവശ്യക്കാര്‍ മാത്രമായി ചുരുങ്ങി. പുതിയ പ്രഖ്യാപനം വന്ന ജൂണ്‍ 18 മുതല്‍ കുടുംബങ്ങള്‍ കൂടുതലായി ഷോപ്പിങിന് എത്തുന്നുണ്ട്.

വരുന്ന മാസങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്. അടുത്ത മാസം ബാക്ക് ടു സ്‌കൂള്‍ കാമ്പയിന്‍ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് മിക്ക ഷോപ്പിങ് സെന്ററുകളും. വേനലവധിക്കു ശേഷം സ്‌കൂളുകള്‍ തുറക്കുന്നതോടെയാണ് ബാക്ക് ടൂ സ്‌കൂള്‍ കാമ്പയിന്‍ നടക്കുന്നത്. സ്റ്റേഷനി, യൂനിഫോം, ബാഗ് തുടങ്ങി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന കാലമാണിത്.

അവധിക്കു ശേഷം തുറക്കുന്നതോടെ ദീര്‍ഘനാളുകള്‍ക്കു ശേഷം മിക്ക കുട്ടികളും സ്‌കൂളുകളിലേക്ക് മടങ്ങി എത്തുകയാണ്. ആഗസ്ത് അവസാനമാണ് രാജ്യത്തെ മിക്ക സ്‌കൂളുകളും തുറക്കുന്നത്.

നിലവില്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഫര്‍ണീച്ചര്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്കാണ് റീട്ടെയില്‍ മേഖലയില്‍ ഏറ്റവും ഡിമാന്റുള്ളത്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളില്‍ ലാപ്‌ടോപ്പ്, ടിവി, ടാബ്ലറ്റ്, ഹെഡ് ഫോണ്‍ തുടങ്ങിയവ ഏറ്റവും കൂടുതല്‍ വിറ്റുപോവുന്നു. വീട് അലങ്കാര വസ്തുക്കള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.
ALSO WATCH

Most Popular