Wednesday, April 14, 2021
Home Gulf Qatar ഖത്തറിലേക്കു മടങ്ങുന്ന തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കുമായി ചെലവ് കുറഞ്ഞ ക്വാറന്റീന്‍ കേന്ദ്രം

ഖത്തറിലേക്കു മടങ്ങുന്ന തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കുമായി ചെലവ് കുറഞ്ഞ ക്വാറന്റീന്‍ കേന്ദ്രം

ദോഹ: ഖത്തറിലേക്കു തിരിച്ചുവരുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വേണ്ടി ചെലവ് കുറഞ്ഞ 14 ദിവസത്തെ ക്വാറന്റീന്‍ പാക്കേജ് പ്രഖ്യാപിച്ച് ഡിസ്‌കവര്‍ ഖത്തര്‍. സല്‍വ റോഡിലെ അല്‍ ശീഹാനിയയില്‍ സജ്ജമാക്കിയ മെകൈനീസ് മോട്ടലിലാണ് ഇത്തരക്കാര്‍ക്കായി 14 ദിവസത്തെ പ്രത്യേക ക്വാറന്റീന്‍ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ദിവസം 105 റിയാല്‍ മുതലാണ് ചാര്‍ജ്.

ഹോം ക്വാറന്റീന്‍ സൗകര്യമില്ലാത്ത ഷെയറിങ് മുറികളിലോ ലേബര്‍ ക്യാമ്പുകളിലോ താമസിക്കുന്നവര്‍ക്കു വേണ്ടിയാണ് ഇത്തരത്തിലുള്ള 14 ദിവസത്തെ മോട്ടല്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ചൂട് വെള്ളത്തിലും തണുത്ത വെള്ളത്തിലും കുളിക്കാനുള്ള സൗകര്യമുള്ള ബാത്ത്‌റൂം, കെറ്റില്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇവിടെയുണ്ടാവും. സ്ത്രീകള്‍ക്കു പുരുഷന്മാര്‍ക്കും പ്രത്യേകം സിംഗിള്‍, ഷെയറിങ് മുറികള്‍ ലഭ്യമാണ്.

റൂം ബുക്കിങ് എങ്ങിനെ?
ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് വഴി യാത്രയുടെ 48 മണിക്കൂര്‍ മുമ്പ് റൂം ബുക്ക് ചെയ്യണം. പരമാവധി 3 പേര്‍ക്കാണ് ഒരുമിച്ച് ബുക്ക് ചെയ്യാനാവുക. ഒരുമിച്ച് ബുക്ക് ചെയ്യുന്നവര്‍ ഒരേ വിമാനത്തില്‍ വരുന്നവരും ഒരേ ടൈപ്പ് റൂം ആവശ്യമുള്ളവരും ആയിരിക്കണം. തൊഴിലുടമകള്‍ക്ക് പത്തോ അതില്‍ കൂടുതലോ പേരുള്ള ഗ്രൂപ്പിന് ഒരുമിച്ച് ബുക്ക് ചെയ്യാന്‍ +974 5550 2246 എന്ന നമ്പറിലോ or email us at [email protected] എന്ന ഇമെയില്‍ ഐഡിയിലോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

എത്ര ചെലവ് വരും?
ദിവസം 105 റിയാല്‍ മുതല്‍ മുകളിലോട്ടാണ് താമസത്തിനുള്ള ചെലവ്. മൂന്ന് നേരത്തെ ഭക്ഷണം, ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രച്ചെലവ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമേ ഇന്‍ഷുറന്‍സ് തുകയായി ഷെയറിങ് മുറികള്‍ക്ക് 700 റിയാലും സിംഗിള്‍ മുറികള്‍ക്ക് 1400 റിയാലും അധികം നല്‍കണം. പരിശോധനയില്‍ കോവിഡ് പോസിറ്റീവാവുകയും 14 ദിവസത്തില്‍ കൂടുതല്‍ തങ്ങുകയും ചെയ്യേണ്ടി വന്നാല്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഈ തുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരു ദിവസത്തിന് 100 റിയാല്‍ വച്ചാണ് ഈടാക്കുക. 14 ദിവസത്തില്‍ ക്വാറന്റീന്‍ അവസാനിക്കുകയാണെങ്കില്‍ ഈ പണം പൂര്‍ണമായും മടക്കി നല്‍കും. മുറികള്‍ക്ക് എന്തെങ്കിലും കേട്പാട് വന്നാല്‍ അത് കവര്‍ ചെയ്യുന്നതിനും ഈ പണം ഉപയോഗിക്കും. ഗ്രൂപ്പ് ബുക്കിങില്‍ വ്യക്തികളുടെ എണ്ണത്തിന് അനുസരിച്ച് ഇന്‍ഷുറന്‍സ് തുകയില്‍ മാറ്റമുണ്ടാവും.

ബുക്കിങ് റദ്ദാക്കാനാവുമോ
യാത്രയുടെ 48 മണിക്കൂര്‍ മുമ്പാണെങ്കില്‍ പിഴ ഇല്ലാതെ ബുക്കിങില്‍ മാറ്റം വരുത്താവുന്നതാണ്. യാത്രയുടെ 24 മണിക്കൂറിനുള്ളില്‍ ബുക്കിങ് റദ്ദാക്കിയാല്‍ 100 ശതമാനമാണ് കാന്‍സലേഷന്‍ ചാര്‍ജ്.

എത്ര ലഗേജ് കൊണ്ടുപോവാം
ഒരു ഹാന്‍ഡ് ലഗേജും ഒരു ചെക്ക്ഡ് ഇന്‍ ലഗേജുമാണ് അനുവദിക്കുക. ട്രാന്‍സ്ഫര്‍ ചെയ്യുന്ന വാഹനത്തില്‍ കൊള്ളാത്തത്ര അധിക ലഗേജ് ഉണ്ടെങ്കില്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും.

ക്വാറന്റീനിലെ ആരോഗ്യ സുരക്ഷ
കോവിഡ് ടെസ്റ്റിന് വിധേയരായ ജീവനക്കാരാണ് താമസ കേന്ദ്രത്തില്‍ ഉണ്ടാവുക. 24 മണിക്കൂറും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമായിരിക്കും. ഏത് സമയത്തും കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടാവും.

Discover Qatar adds 14-night quarantine packages for domestic staff, workers in shared accommodation


 

Most Popular