Tuesday, April 13, 2021
Home Gulf Qatar ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചാല്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം; കുറഞ്ഞ നിരക്ക് 1,950...

ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചാല്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം; കുറഞ്ഞ നിരക്ക് 1,950 റിയാല്‍

ദോഹ: ആഗസ്ത് 1 മുതല്‍ ഖത്തറില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന് കൂടുതല്‍ ഹോട്ടലുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. ഖത്തര്‍ ലോ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ വരുന്നവരാണ് 7 ദിവസം സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയേണ്ടത്. നിലവില്‍ ഇന്ത്യ ഖത്തറിന്റെ ലോ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങളും ഇന്ത്യയില്‍ ഇല്ല. നിലവില്‍ തുര്‍ക്കിയില്‍ മാത്രമാണ് അംഗീകൃത കോവിഡ് ടെസ്റ്റിങ് സെന്ററുകള്‍ ഉള്ളത്. അതു കൊണ്ട് തന്നെ ആഗസ്ത് 1 മുതല്‍ ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് വരാന്‍ അനുമതി ലഭിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയേണ്ടി വരും.

ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് വഴിയാണ് ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യേണ്ടത്. നിലവില്‍ ത്രീസ്റ്റാര്‍ സൗകര്യമുള്ള കിങ്‌സ് ഗേറ്റ് ഹോട്ടലാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഓഫര്‍ ചെയ്യുന്നത്. നിലവിലെ ബുക്കിങ് സ്റ്റാറ്റസ് പ്രകാരം ഈ ഹോട്ടല്‍ ആദ്യ ദിവസങ്ങളില്‍ ലഭ്യമല്ല. മൂന്ന് നേരം ഭക്ഷണവും ഹോട്ടലിലേക്കുള്ള യാത്രയും ഉള്‍പ്പെടെ ഒരാള്‍ക്ക് ഒരാഴ്ച്ചത്തെ താമസത്തിന് 1,950 റിയാലാണ് ഈടാക്കുന്നത്. രണ്ടു പേരാണ് താമസിക്കുന്നതെങ്കില്‍ ഒരാള്‍ക്ക് 1,389.50 റിയാല്‍ ആവും. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ റൂം ഷെയര്‍ ചെയ്യാനാവൂ. രണ്ട് മുതിര്‍ന്നവരും ആറ് വയസോ അതിന് താഴെയോ ഉള്ള ഒരു കുട്ടിയും മാത്രമാണ് ഒരു മുറിയില്‍ പരമാവധി അനുവദിക്കുക. അതേ സമയം, പഞ്ച നക്ഷത്ര ഹോട്ടലിലെ കൂടിയ നിരക്ക് ഒരാള്‍ക്ക് 5,307 റിയാലാണ്.

ആഗസ്റ്റ് ഒന്ന് മുതല്‍ വിവിധ നിരക്കുകളിലുള്ള ആറ് ഹോട്ടലുകളിലാണ് ബുക്കിങ് ലഭ്യമായിട്ടുള്ളത്. ഖത്തര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭിച്ച ശേഷമാണ് ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റ് വഴി ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടത്. ആഗസ്ത് 1ന് മാത്രമേ ഖത്തര്‍ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയുള്ളു. സപ്തംബര്‍ 15ന് ശേഷം ഖത്തറിലേക്കു മടങ്ങുന്നവര്‍ യാത്രാ തിയ്യതിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്താല്‍ മതിയാവുമെന്ന് ഡിസ്‌കവര്‍ ഖത്തര്‍ ഓര്‍മിപ്പിക്കുന്നു. ക്വാറന്റീന്‍ നിയമങ്ങളില്‍ ഇനിയും മാറ്റംവരാന്‍ സാധ്യതയുള്ളതിനാലാണിത്.

യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് പിഴ കൂടാതെ ഹോട്ടല്‍ ബുക്കിങ് തിയ്യതി മാറ്റാവുന്നതാണ്. എന്നാല്‍, റീഫണ്ടിങ് അനുവദിക്കില്ല.

Discover Qatar adds more hotel quarantine options


 

Most Popular