Sunday, September 19, 2021
Home Gulf Qatar രണ്ടാം ഘട്ടത്തില്‍ ദോഹയില്‍ നിന്ന് കോഴിക്കോടിനും കൊച്ചിക്കും പുറമേ കണ്ണൂരിലേക്കും വിമാന സര്‍വീസ്

രണ്ടാം ഘട്ടത്തില്‍ ദോഹയില്‍ നിന്ന് കോഴിക്കോടിനും കൊച്ചിക്കും പുറമേ കണ്ണൂരിലേക്കും വിമാന സര്‍വീസ്

ദോഹ: വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ ദോഹയില്‍ നിന്ന് കണ്ണൂരിലേക്കും വിമാന സര്‍വീസ്. മെയ് 19ന് കണ്ണൂരിലേക്ക് സര്‍വ്വീസ് ഉണ്ടാവുമെന്ന് എയര്‍ഇന്ത്യ ഖത്തര്‍ കണ്‍ട്രി മാനേജര്‍ വീണാ നാഗി അറിയിച്ചതായി ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ റിപോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ എംബസി കഴിഞ്ഞദിവസം പുറത്തുവിട്ട പട്ടിക പ്രകാരം രണ്ടാംഘട്ടത്തില്‍ കൊച്ചിയിലേക്കും കോഴിക്കോടേക്കുമാണ് സര്‍വീസ് അനുവദിച്ചിരുന്നത്.

നേരത്തെ മെയ് 20ന് കണ്ണൂരിലേക്ക് സര്‍വീസ് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഖത്തര്‍ ഇന്ത്യന്‍ എംബസി ഇന്നലെ പുറത്തുവിട്ട പട്ടികയില്‍ അതുള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, എയര്‍ഇന്ത്യ പുറത്തുവിട്ട പുതിയ ഷെഡ്യൂള്‍ പ്രകാരം മെയ് 19ന് ദോഹയില്‍ നിന്നു കണ്ണൂരിലേക്കും വിമാനം പറക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോഡ് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഇറങ്ങി ദീര്‍ഘദൂരം യാത്ര ചെയ്താണ് നാടണഞ്ഞത്. ഇവര്‍ക്ക് പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്താത്തും വിവാദമായിരുന്നു.

അതേ സയമം, രണ്ടാംഘട്ട ദൗത്യത്തിന്റെ ഭാഗമായി കോഴിക്കോട്, ഹൈദരാബാദ് സര്‍വീസുകളുടെ വിമാനടിക്കറ്റ് വിതരണം നടന്നു. മെയ് 18ന് ദോഹയില്‍ നിന്ന് വൈകുന്നേരം 3.35നു പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം രാത്രി 10.20നു കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും. മെയ് 20നാണ് ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള സര്‍വീസ്. രണ്ടിടങ്ങളിലേക്കുമായി 180 ഓളം യാത്രക്കാര്‍ വീതമാണ് ഉള്ളത്. എക്സിറ്റ് പെര്‍മിറ്റ്, യാത്ര വിലക്ക് തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് യാത്രാനുമതിയില്ല.

Most Popular