ദോഹ: ദോഹ-കൊച്ചി എയര്‍ ഇന്ത്യ വിമാനം ഒന്‍പതിലേക്ക് മാറ്റി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഖത്തറില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന ആദ്യവിമാനം മെയ് 7ന് പുറപ്പെടും എന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
മെയ് ഒന്‍പതിന് പ്രാദേശിക സമയം വൈകുന്നേരം ഏഴിനായിരിക്കും എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്നത്. സാങ്കേതിക തടസ്സങ്ങളാണ് യാത്ര വൈകാന്‍ കാരണം എന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.
200 യാത്രക്കാരായിരിക്കും വിമാനത്തിലുണ്ടാവുക. യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ടിക്കറ്റ് വിതരണം അബുഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ തുടങ്ങിയിട്ടുണ്ട്. യാത്രക്കാരെ പുറപ്പെടുന്നതിനുമുന്പ് ശരീര താപനില പരിശോധിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വിമാനത്തില്‍ കയറ്റും എന്നും കോവിഡ് പരിശോധന ഉണ്ടാവില്ല എന്നുമാണ് ആഭ്യന്തര മന്ത്രാലയം ഇന്നലെ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്. അതേസമയം, പ്രവാസികള്‍ പുറപ്പെടുന്നതിനു മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തുമെന്നാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഇന്നലെ പറഞ്ഞത്.
ദോഹയില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം മെയ് 10ന് വൈകിട്ട് നാലിനാണ് ആണ് പുറപ്പെടുക. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് വിമാനം. ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്, പ്രതിസന്ധിയില്‍ കുടുങ്ങി കിടക്കുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു. 40,000ത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 25000ത്തോളം പേര് മലയാളികളാണ്.