ദോഹ: ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കുന്ന ആദ്യ വിമാനത്തിലേക്കുള്ള ടിക്കറ്റുകളുടെ വിതരണം നടക്കുന്നത് അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍. എയര്‍ ഇന്ത്യയുടെ പ്രത്യേക കൗണ്ടര്‍ ഇവിടെ സജ്ജമാക്കിയാണ് ടിക്കറ്റുകള്‍ കൊടുക്കുന്നത്.
ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ടിക്കറ്റ് വിതരണം വൈകുന്നേരത്തോടെ പൂര്‍ത്തിയാവും. യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട 200 പേരെയും ഇന്ത്യന്‍ എംബസി ഇവിടേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ഐസിസി അശോക ഹാളില്‍ ഓരോ മണിക്കൂറിലും 35 പേരെ വീതം പ്രവേശിപ്പിച്ച് പ്രത്യേക നമ്പറുകള്‍ നല്‍കിയാണ് ടിക്കറ്റ് വിതരണം നടത്തുന്നതെന്നും സോഷ്യല്‍ ഡിസ്റ്റന്‍സിങ് സംബന്ധിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന് പറഞ്ഞു. 766 റിയാലാണ് ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒരാളുടെ ടിക്കറ്റ് നിരക്ക്.
അതേ സമയം, യാത്രയ്ക്കായി ആളുകളെ തിരഞ്ഞെടുത്തതിലെ പാളിച്ച സംബന്ധിച്ചും പരാതി ഉയര്‍ന്നു. ജോലിനഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന കണ്ണൂര്‍ സ്വദേശിയുടെ ഭാര്യ ഏഴ് മാസം ഗര്‍ഭിണിയാണ്. ഒരു മകളും ഒപ്പമുണ്ട്. മൂന്ന് പേര്‍ക്കും സെലക്ഷന് ലഭിച്ചതായി എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നുവെന്നും എന്നാല്‍, ഇവിടെ എത്തിയപ്പോള്‍ ഭാര്യയുടെയും മകളുടെയും പേര് മാത്രമേ പട്ടികയില്‍ ഉള്ളുവെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞു. കൊച്ചിയിലേക്കാണ് ടിക്കറ്റ് എന്നതിനാല്‍ ഗര്‍ഭിണിയായ ഭാര്യയെയും മകളെയും മാത്രമായി അയക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ വീണ്ടും കിട്ടുമോ എന്നറിയില്ല. എംബസിയുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഗര്‍ഭിണിയായ ഭാര്യയുമൊത്ത് മടങ്ങുന്ന കോഴിക്കോട് സ്വദേശിക്കും കൊച്ചിയിലേക്കാണ് ടിക്കറ്റ്. വിസിറ്റ് വിസയില്‍ വന്ന ഭാര്യയുടെ വിസാ കാലാവധി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങുന്നത്. നാട്ടിലെത്തിയാല്‍ ക്വാരന്റൈന് കാര്യങ്ങള്‍ എങ്ങിനെയായിരിക്കുമെന്നതു സംബന്ധിച്ച ആശയക്കുഴപ്പവും യാത്രക്കാര്‍ പങ്കുവച്ചു. ഗര്‍ഭിണികള്‍, അടിയന്തരമായി നാട്ടിലേക്ക് പോകേണ്ട രോഗികള്‍ എന്നിവര്‍ക്കാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത് എന്നാണ് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ നിന്ന് വ്യക്തമാവുന്നത്.
യാത്രക്കാര്‍ക്ക് സാധാരണ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നടത്തുന്ന ശരീരത്തിന്റെ ചൂട് അളക്കുന്ന പരിശോധന മാത്രമേ ഉണ്ടാവൂ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അറിയിച്ചു. യാത്രക്കാരെ റാപിഡ് ടെസ്്റ്റ് നടത്തുമെന്ന് ഇന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. എംബസികള്‍ക്ക് ഇതു സംബന്ധിച്ച് കൃത്യമായ മാര്ഗനിര്ദേശമില്ലെന്നാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.