ദോഹ: കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച ദോഹ മെട്രോയും കര്‍വ ബസ്സുകളും ഇന്ന് രാവിലെ മുതല്‍ വീണ്ടും ഓട്ടമാരംഭിച്ചു. 30 ശതമാനം യാത്രക്കാരെ മാത്രമാണ് അനുവദിക്കുന്നത്. എല്ലാ കോവിഡ് മുന്‍കരുതലുകളും പാലിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുകയെന്ന് ഖത്തര്‍ റെയില്‍ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും രാവിലത്തെ ട്രെയ്നുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു.
മുഴുവന്‍ യാത്രക്കാരും മാസ്ക്ക് ധരിച്ചാണ് എത്തിയത്. സാമൂഹിക അകലം പാലിക്കാന്‍ രണ്ട് സീറ്റുകളുടെ നടുവില്‍ ഒരു സീറ്റ് പ്രത്യേകം സ്റ്റിക്കര്‍ പതിച്ച് ഒഴിച്ചിട്ടിരുന്നു. ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസും ശരീര താപ പരിശോധനയും നിര്‍ബന്ധമാണ്.
ദോഹ മെട്രോയുടെ പ്രധാന കേന്ദ്രങ്ങളില്‍ 300ഓളം ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഷനുകളിലും ട്രെയ്നുകളിലും ഉള്ള എല്ലാ ടച്ച് പോയിന്റുകളിലും നിശ്ചിത ഇടവേളകളില്‍ അണുനശീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട്.