Tuesday, July 27, 2021
Home Ediotrs Pick ഖത്തറില്‍ ഉള്‍പ്പെടെ ഗള്‍ഫ് തിയേറ്ററുകളില്‍ ദൃശ്യം 2 നാളെ എത്തും

ഖത്തറില്‍ ഉള്‍പ്പെടെ ഗള്‍ഫ് തിയേറ്ററുകളില്‍ ദൃശ്യം 2 നാളെ എത്തും

ദോഹ: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിന്റെ ഹിറ്റ് സിനിമ ‘ദൃശ്യം 2’ന്റെ ഗള്‍ഫ് റിലീസ് നാളെ. യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലാണ് ചിത്രം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. തിയേറ്ററുകളുടെ പട്ടിക മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. യുഎഇയില്‍ 27, ഖത്തര്‍ 8, ഒമാന്‍ 2 എന്നിങ്ങനെയാണ് സ്‌ക്രീനുകളുടെ എണ്ണം. ഈ മാസം 26ന് സിംഗപ്പൂരിലും ചിത്രം റിലീസ് ചെയ്തിരുന്നു.

ഫാര്‍സ് ഫിലിം ഗ്രൂപ്പ് ആണ് ഗള്‍ഫില്‍ ചിത്രം വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീജിയം കമ്പനിയും സംയുക്തമായാണ് ചിത്രം സിംഗപ്പൂരില്‍ തിയേറ്റര്‍ റിലീസിന് എത്തിച്ചത്. സിംഗപ്പൂരിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ ഗോള്‍ഡന്‍ വില്ലേജ് സിനിപ്ലെക്‌സുകളില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

സമീപകാല ഇന്ത്യന്‍ ഒടിടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജിത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’. 2013ല്‍ പുറത്തെത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാംഭാഗം ഫെബ്രുവരി 19നാണ് ആമസോണ്‍ പ്രൈമിലൂടെ എത്തിയത്. പല ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ‘ദൃശ്യ’ത്തിന്റെ രണ്ടാംഭാഗം ആയതിനാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലുള്ള പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു ഒടിടി റിലീസിനു പിന്നാലെ ടെലിവിഷന്‍ പ്രീമിയറിലും നേട്ടമുണ്ടാക്കിയ ചിത്രമാണ് ദൃശ്യം 2. ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ജനപ്രിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ നാലാമതാണ് ദൃശ്യം 2.

കൊവിഡ് കാലത്താണ് ദൃശ്യം 2 പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തിയ രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും ഉണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍.
ALSO WATCH

Most Popular