Saturday, May 15, 2021
Home News International ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തി ആറു മാസത്തിനു ശേഷവും

ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തി ആറു മാസത്തിനു ശേഷവും

ദോഹ: കോവിഡിനെതിരായ അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോണ്‍ടെകും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്സിന്റെ ഫലപ്രാപ്തി ആറു മാസത്തിനു ശേഷവും തുടരുന്നുതായി പുതിയ വിവരം. അവസാനഘട്ട ട്രയലില്‍ പങ്കെടുത്ത 46,307 പേരുടെ ഫോളോ അപ്പ് ഡാറ്റ വിശകലനം ചെയ്താണ് വാക്സിന്‍ ആറ് മാസത്തിനുശേഷവും ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം മുതല്‍ ആറ് മാസം വരെയുള്ള രോഗലക്ഷണങ്ങള്‍ തടയുന്നതിന് വാക്സിന്‍ 91.3 ശതമാനം ഫലപ്രദമാണ്. അമേരിക്കയില്‍ മാത്രം വാക്സിന്റെ ഫലപ്രാപ്തി നിരക്ക് 92.6 ശതമാനമാണെന്ന് ഫൈസറും പങ്കാളിയായ ബയോണ്‍ടെകും പറയുന്നു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാക്സിന്റെ റെഗുലേറ്ററി നില വിപുലീകരിക്കാവുന്നതാണ്.

അതേസമയം കൊറോണ വൈറസിന്റെ B.1.351 എന്ന ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഫൈസര്‍/ബയോണ്‍ടെക് വാക്സിന്‍ അധികൃതര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ വാക്സിന്‍ പരീക്ഷണത്തിലെ ആദ്യഘട്ട വിവരങ്ങളാണ് പുറത്തുവിട്ടത്. പരീക്ഷണത്തില്‍ പങ്കെടുത്ത 800 പേരില്‍ ഒമ്പത് പേര്‍ക്ക് കോവിഡ് പിടിപ്പെട്ടതില്‍ ആറ് പേര്‍ക്ക് B.1.351 എന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണ് ബാധിച്ചത്. ഇവര്‍ എല്ലാവരും പ്ലസിബോ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരായിരുന്നു എന്നതിനാല്‍ വാക്സിന്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെയും ഫലപ്രദമാണെന്ന നിഗമനത്തിലാണ് കമ്പനി എത്തിയത്.

എഫ്.ഡി.എയ്ക്ക് ബയോളജിക് ലൈസന്‍സ് അപേക്ഷ സമര്‍പ്പിക്കാന്‍ ഇപ്പോള്‍ പുറത്തുവന്ന ഫലങ്ങള്‍ തങ്ങളെ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വാക്സിന് നിലവില്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി എഫ്.ഡി.എ നല്‍കിയിട്ടുണ്ടെങ്കിലും ഇതിന് അടിയന്തിര സാഹചര്യം അവസാനിക്കുന്നത് വരെ മാത്രമാണ്് സാധുത ഉണ്ടാവുക. അതിന് ശേഷം എപ്പോള്‍ വേണമെങ്കിലും അനുമതി റദ്ദാക്കാം. എന്നാല്‍ ഔദ്യോഗിക അനുമതി ലഭിച്ചാല്‍ വാക്സിന്‍ ദീര്‍ഘകാലം ഉപയോഗിക്കാം.

Most Popular