X
ഇഹ്തിറാസ് ആപ്പ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ് മേധാവി; ചാരനിറത്തില്‍ കോഡ് ലഭിച്ചവര്‍ പുറത്തിറങ്ങരുത്

ഇഹ്തിറാസ് ആപ്പ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ് മേധാവി; ചാരനിറത്തില്‍ കോഡ് ലഭിച്ചവര്‍ പുറത്തിറങ്ങരുത്

personmtp rafeek access_timeFriday May 22, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് മുതല്‍ വീടിന് പുറത്തിറങ്ങാന്‍ മൊബൈല്‍ ഫോണില്‍ കോവിഡ് ട്രാക്കറായ ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധം.

ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ വീടിന് പുറത്തിറങ്ങാന്‍ മൊബൈല്‍ ഫോണില്‍ കോവിഡ് ട്രാക്കറായ ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധം. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള ആപ്പ് സ്വാകാര്യ വിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗം മേധാവി ശെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി ഉറപ്പ് നല്‍കി.

ഇഹ്തിറാസ് ആപ്പ് ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും രസഹസ്യമായിരിക്കും. അത്യാവശ്യ ഘട്ടത്തില്‍ ഇതിന് നിയോഗിതരായ പ്രത്യക ടീമിന് മാത്രമേ വിവരങ്ങള്‍ ലഭ്യമാവൂ. രോഗികളുടെ റൂട്ട് മാപ് തയ്യാറാക്കാനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. കൊറോണബാധിതരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നാല്‍ ആപ്പ് മുന്നറിയിപ്പ് നല്‍കും. ഇതുവഴി പെട്ടെന്ന് തന്നെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടാനും പരിശോധന നടത്താനും സഹായിക്കും.

അതേ സമയം, ആപ്പില്‍ ചാരനിറത്തിലുള്ള കോഡ് ലഭിച്ചവര്‍ വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കോ അല്ലെങ്കില്‍ രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കോ ആണ് ചാരനിറത്തിലുള്ള കോഡ് ലഭിക്കുന്നത്. നിങ്ങള്‍ രോഗബാധതിരുമായി നിശ്ചിത സമയം നേരിട്ട് സമ്പര്‍ക്കത്തില്‍(രണ്ട് മീറ്റര്‍ പരിധിക്കുള്ളില്‍) വന്നാലാണ് മൊബൈല്‍ ആപ്പിലെ കളര്‍കോഡ് ചാരനിറമായി മാറുക. ബ്ലൂടൂത്ത് വഴി മൊബൈലുകള്‍ പരസ്പരം സന്ദേശം കൈമാറിയാണ് ഇത് സാധ്യമാക്കുന്നത്.

ആപ്പുമായുള്ള കണക്ഷന്‍ വിഛേദിക്കപ്പെട്ടാല്‍ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി നല്‍കുന്നതിനുള്ള സംവിധാനം ആപ്പില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഹമദ് ആല്‍ഥാനി പറഞ്ഞു. മുഴുവന്‍ സമയവും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയും ഫോണ്‍ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വിവിധ പെര്‍മിഷനുകള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇഹ്തിറാസ് ആപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വീഡിയോ കാണുക

Ehteraz app doesn’t violate user privacy: MoPH

SHARE :
folder_openTags
content_copyCategory