ദോഹ: ഖത്തര്‍ ഐഡി ഇല്ലാത്തവര്‍ക്കും, ഖത്തര്‍ കോവിഡ് ട്രാക്കിങ് ആപ്പായ ഇഹ്തിറാസില്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ ലഭ്യമായ ഇഹ്തിറാസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് വിസാ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനുള്ള ഒപ്ഷന്‍ നല്‍കിയിരിക്കുന്നത്.
പുതിയ അപ്ഡേറ്റ് പ്രകാരം ഹോം സ്ക്രീനില്‍ ക്യുഐഡി രജിസ്ട്രേഷന്, വിസ രജിസ്ട്രേഷന് എന്നിങ്ങനെ രണ്ട് ഒപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. വിസാ ഒപ്ഷന്‍ തിരഞ്ഞെടുത്താല്‍ മൊബൈല്‍ നമ്പര്‍, വിസാ നമ്പര്‍, രാജ്യം എന്നിവ കൊടുത്ത് രജിസ്റ്റര്‍ ചെയ്യാം.
നിലവില്‍ വിസിറ്റ് വിസയില്‍ വന്നവര്‍ക്കും ഖത്തര്‍ ഐഡിയുടെ കാലാവധി കഴിഞ്ഞവര്‍ക്കും ഇഹ്തിറാസ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. രാജ്യത്തെ ഹൈപര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ബാങ്കുകളും ഉള്‍പ്പെടെ നിരവധി വാണിജ്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവേശനത്തിന് ഇഹിതിറാസ് ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ് ഉണ്ടെങ്കില്‍ മാത്രമേ മിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളും ബാങ്കുകളും ഉപഭോക്താക്കളെ കടത്തിവിടുന്നുള്ളു. ഈ സാഹചര്യത്തില്‍ ആപ്പില്‍ വന്ന അപ്ഡേഷന് ഖത്തര്‍ ഐഡിയില്ലാത്ത ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാവും.
Ehteraz app update allows registration with visa number