ദോഹ: എസ്റ്റാബ്ലിഷ്മെന്റ് കാര്‍ഡ്(കംപ്യൂട്ടര്‍ കാര്‍ഡ്) ഉള്‍പ്പെടെയുള്ളവ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്ട്ട്സ് വിഭാഗം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. സേവനം ഉടന്‍ ഓണ്‍ലൈനിലും മെത്രാഷ് 2ലും ലഭ്യമാവും. അതോട് കൂടി കംപ്യൂട്ടര്‍ കാര്‍ഡ് എളുപ്പത്തില്‍ പുതുക്കാനാവുമെന്ന് പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് പബ്ലിക് റിലേഷന്‍ ഓഫിസര്‍ ലഫ്റ്റനന്റ് കേണല്‍ താരിഖ് ഇസ്സ അല്‍ അഖീദി പറഞ്ഞു.
കംപ്യൂട്ടര്‍ കാര്‍ഡ് സേവനം വാണിജ്യ വ്യവസായ മന്ത്രാലയം ഉള്‍പ്പെടെ വിവിധ ഡിപാര്‍ട്ട്മെന്റുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ് ഇലക്ട്രോണിക് രൂപത്തിലാക്കുന്നത് വൈകുന്നത്. ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങളും ഇലക്ട്രോണിക് രൂപത്തിലേക്ക് മാറുന്ന പ്രക്രിയ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ മുഴുവന്‍ സ്ഥാപനങ്ങളുടെയും കംപ്യൂട്ടര്‍ കാര്‍ഡ് സ്വമേധയാ പുതുക്കപ്പെടുമെന്ന് കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. പാസ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റിന്റെ പുതിയ കെട്ടിടം അധികം വൈകാതെ തുറക്കുമെന്നും ലഫ്റ്റനന്റ് കേണല്‍ അല്‍ അഖീദി അറിയിച്ചു.
ALSO WATCH