Monday, September 27, 2021
Home Gulf Qatar നീറ്റ് പരീക്ഷയ്ക്ക് ഖത്തറില്‍ സെന്റര്‍ ആവശ്യപ്പെട്ട് കെഎംസിസി ഹൈക്കോടതിയെ സമീപിച്ചു; കേരള എന്‍ട്രന്‍സിന് സെന്റര്‍ തേടി...

നീറ്റ് പരീക്ഷയ്ക്ക് ഖത്തറില്‍ സെന്റര്‍ ആവശ്യപ്പെട്ട് കെഎംസിസി ഹൈക്കോടതിയെ സമീപിച്ചു; കേരള എന്‍ട്രന്‍സിന് സെന്റര്‍ തേടി രക്ഷിതാക്കള്‍

ദോഹ: നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്(നീറ്റ്) ഖത്തറില്‍ സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎംസിസി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ 26ന് നടക്കുന്ന പരീക്ഷയ്ക്കായി ഖത്തറിലുള്ള 300ലേറെ വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഖത്തറില്‍ സെന്റര്‍ ഇല്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്കു പോകേണ്ടി വരും. എന്നാല്‍, കോവിഡ് നിയന്ത്രണം മൂലം നാട്ടിലേക്കുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ ഇത് വലിയ പ്രയാസം സൃഷ്ടിക്കുമെന്നതു കൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് കെഎംസിസി പ്രസിഡന്റ് എസ്എഎം ബഷീര്‍ പറഞ്ഞു. കെഎംസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസാണ് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയത്. ഇതിനു പുറമേ ഇന്ത്യന്‍ എംബസിയെയും ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതരെയും സംഘടന സമീപിച്ചിട്ടുണ്ട്.

കേരള എന്‍ട്രന്‍സ് പരീക്ഷ(കീം), കുസാറ്റ് എന്‍ട്രന്‍സ് പരീക്ഷ എന്നിവ എഴുതാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികളും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. കീം എന്‍ട്രന്‍സിന് ജൂലൈ 16ഉം കുസാറ്റ് എന്‍ട്രന്‍സ് ജൂലൈ 27, 28 തിയ്യതികളിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഖത്തറില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ ഈ പരീക്ഷകള്‍ക്കു വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. പരീക്ഷയ്ക്കായി നാട്ടില്‍ പോകുന്നതിന് ഏപ്രില്‍ മാസത്തില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവരായിരുന്നു വിദ്യാര്‍ഥികളില്‍ പലരും. എന്നാല്‍, കോവിഡ് വന്നതോടെ ഇവിടെ കുടുങ്ങുകയായിരുന്നു. പരീക്ഷയ്ക്ക് സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കേരള മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ അപേക്ഷ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് മറുപടി ലഭിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കളില്‍ ചിലര്‍ ഗള്‍ഫ് മലയാളിയോട് പറഞ്ഞു.

Expats group moves Kerala High Court for NEET centre in Qatar


 

Most Popular