ഖത്തറില്‍ കൊറോണ പടരുന്നത് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍; സാമൂഹിക അകലം പാലിക്കാത്തത് പ്രധാന കാരണം

qatar corona death

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് പടരുന്നത് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ഹമദ് മെഡിക്കല്‍ ആശുപത്രിയിലെ പകര്‍ച്ച വ്യാധി വിഭാഗം മേധാവി അബ്ദുള്‍ ലത്തീഫ് അല്‍ ഖാല്‍. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കാന്‍ കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറില്‍ കഴിഞ്ഞ ഒരാഴ്ചയായി രേഖപ്പെടുത്തിയ ഉയര്‍ന്ന കൊവിഡ് കേസുകളുടെ എണ്ണത്തിന് കാരണം ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാത്തതും കൃത്യമായ രീതിയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതുമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ഫേസ് മാസ്‌ക്ക ധരിക്കുന്നത് പൂര്‍ണമായ സംക്ഷണം നല്‍കില്ല. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പോലുള്ള മറ്റു മുന്‍കരുതല്‍ നടപടികളോടൊപ്പം ഒരു പ്രധാന ഘടകം എന്ന നിലയിലാണ് ഫേസ് മാസ്‌ക്കിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ റമദാന്‍ മാസത്തില്‍ സാമൂഹിക അകലം പാലിക്കാത്ത നടപടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ഖത്തരി കുടുംബങ്ങളില്‍ രോഗം പകരാന്‍ ഇടയാക്കിയതിന്റെ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. റമദാന്‍ മാസങ്ങളില്‍ വീടുകളിലുള്ള ഒത്തുകൂടലുകള്‍ പാടില്ലെന്നും ഈ ഘട്ടത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും ഈദ് അല്‍ ഫിത്വര്‍ സമയത്ത് കഴിവതും പുറത്തിറങ്ങാതിരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരാഴ്ചയായി ആയിരത്തിലധികം ആളുകള്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ കേസുകളില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കിലും കഴിഞ്ഞ ആഴ്ച 50 ശതമാനം ഖത്തരികള്‍ക്കിടയിലും മറ്റു താമസക്കാരിലും രോഗബാധ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വൈറസിനെ വ്യാപനം ഇതുവരെ അതിന്റെ ഉച്ചസ്ഥായിയിലെത്തിയിട്ടില്ല. എന്നാല്‍, രോഗവ്യാപനത്തിന്റെ മൂര്‍ധന്യത്തിന്റെ തുടക്കമായിട്ടുണ്ട്. രോഗബാധിതരുടെ കൂട്ടത്തില്‍ ഭൂരിഭാഗവും 25-34 വയസ്സിനിടയിലുള്ളവരാണ്. ബാക്കി വരുന്നതില്‍ ഭൂരിഭാഗവും കുട്ടികളും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

മെയ് ഏഴിനും 13 നും ഇടയില്‍ 82 ഓളം പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് അതില്‍ തന്നെ 32 നും 40 നും 49 നും ഇടയില്‍ പ്രായമുള്ളവരാണ്. ഖത്തറില്‍ ആകെ 28,272 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്താരംഭിച്ച പരിശോധനാസംവിധാനങ്ങളുടെ മികവ് തന്നെയാണ് ഇത്രയും രോഗബാധിതരെ എത്രയും പെട്ടെന്ന് തന്നെ കണ്ടെത്താന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Face mask a must as COVID-19 spreads faster than previously thought in qatar: Dr Khal