ദോഹ: ഖത്തറിലെ പ്രാദേശിക പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ പുതുമ മാറാതെ വില്‍പ്പന നടത്തുന്ന ചന്തകള്‍ വ്യാഴാഴ്ച്ച മുതല്‍ ആരംഭിക്കും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ചന്തകളുടെ അറ്റകുറ്റപ്പണികളും വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി ജനറല്‍ സൂപ്പര്‍വൈസര്‍ അബ്ദുറഹ്മാന് ഹസന് അല്‍ സുലൈത്തി പറഞ്ഞു.
അല്‍ മസ്റൂഅ, അല്‍ വക്റ, അല്‍ ഖോര്‍, അല്‍ താക്കിറ, അല്‍ ശമാല്‍, അല്‍ ശീഹാനിയ എന്നീ ചന്തകളില്‍ ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. പുതിയ സീസണില്‍ 150 പ്രാദേശിക ഫാമുകള്‍ ഈ ചന്തകള്‍ വഴി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തും. ഇത്തവണ കൂടുതല്‍ പഴം, പച്ചക്കറി ഷോപ്പുകള്‍ ഉണ്ടാവും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 4 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക.
പ്രാദേശിക ഫാമുകളില്‍ നിന്നുള്ള 50 ശതമാനം ഉല്‍പ്പന്നങ്ങളും ഈ ചന്തകള്‍ വഴിയാണ് വില്‍ക്കുന്നത്. ബാക്കി സെന്‍ട്രല്‍ മാര്‍ക്കറ്റിലും ഷോപ്പിങ് മാളുകളിലും എത്തുന്നു. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാല്‍ ഈ ചന്തകളിലേക്ക് ഉപഭോക്താക്കള്‍ വലിയ തോതില്‍ എത്താറുണ്ട്.
Farm products to be available at local yards from Thursday