ദോഹ: ആഗസ്ത് 13ന് പേള്‍ ഖത്തറിലെ കൃത്രിമ തടാകത്തില്‍ മുങ്ങിമരിച്ച ഈജിപ്ത് സ്വദേശി ഹമിദോ മുഹമ്മദും(30) മകന് ഒമ്പതു വയസ്സുള്ള യുസൂഫും കുടുംബത്തിനും കൂട്ടുകാര്‍ക്കും കണ്ണീരോര്‍മ. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് യൂസുഫ് ഖുര്‍ആന്‍ അധ്യാപകനായ പിതാവിനോട് തന്നെയും സഹോദരനെയും പേള്‍ ഖത്തര്‍ കാണിക്കാന്‍ കൊണ്ടുപോവണമെന്ന് ആവശ്യപ്പെട്ടത്. ഖുര്‍ആന്‍ വചനങ്ങള്‍ മനപ്പാഠമാക്കിയതിനുള്ള സമ്മാനമായായിരുന്നു ആ ആവശ്യം. ഖുര്‍ആനോട് അതീവ താല്പര്യമുള്ള പിതാവ് മകന്റെ ആവശ്യം സന്തോഷത്തോടെ സമ്മതിച്ചു. അങ്ങിനെയാണ് ഹമിദോയും ഭാര്യ അസ്മയും മകന് യൂസുഫും മറ്റു രണ്ടു കൂട്ടികളും ആഘോഷിക്കാനായി പേളിലേക്കു പുറപ്പെട്ടത്.
യൂസുഫ് ജലധാരയ്ക്ക് സമീപം കളിക്കുന്നതിനിടെ കാല് തെന്നി കൃത്രിമ തടാകത്തിലേക്കു വീഴുകയായിരുന്നു. ജലധാരാ യന്ത്രത്തില്‍ നിന്നുള്ള വലിച്ചെടുക്കല്‍ ശക്തി കാരണം യൂസുഫ് പ്രതീക്ഷിക്കാതെ വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോയി. ഇത് കണ്ടാണ് മകനെ രക്ഷിക്കാന്‍ ഹമിദോ വെള്ളത്തിലേക്ക് എടുത്തു ചാടിയത്. എന്നാല്‍, നീന്തല്‍ വശമുണ്ടായിരുന്നിട്ടും ജലധാരാ യന്ത്രത്തിന്റെ ശക്തിയില്‍ ഹമിദോയും മുങ്ങിപ്പോവുകയായിരുന്നു. കുടുംബം നോക്കി നില്‍ക്കേയാണ് രണ്ടുപേരും മരണത്തിന്റെ കൈകളിലേക്കു ആണ്ടു പോയത്.
നിമിഷങ്ങള്‍ക്കകം തന്നെ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പരന്നു. ഖത്തര്‍ പ്രവാസികള്‍ക്ക് പ്രത്യേകിച്ച് ഈജിപ്ഷ്യന്‍ സമൂഹത്തിന് വലിയ ഞെട്ടലാണ് വാര്‍ത്ത സമ്മാനിച്ചത്. കുടുംബത്തെ അറിയാത്ത ആളുകള്‍ വരെ അസ്മയെ ആശ്വസിപ്പിക്കാനായി വീട്ടിലെത്തി.
ഹമിദോയും മകനും ഒരു പോലെ കണ്ട വിചിത്രമായ സ്വപ്നവും ഇപ്പോള്‍ സോഷ്യമില് മീഡിയയില്‍ ചര്‍ച്ചയാണ്. മരിക്കുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു അത്. കുറച്ച് കാലം മുമ്പ് മരിച്ച അമ്മാവന് തന്നെ സന്ദര്‍ശിക്കാനായി യൂസുഫിനെ ക്ഷണിക്കുന്നതായിരുന്നു സ്വപ്നത്തില്‍ കണ്ടത്. യൂസുഫിന്റെ സ്വപ്നത്തെക്കുറിച്ച് അസ്മ ഭര്‍ത്താവിനോട് പറഞ്ഞപ്പോഴാണ് താനും അതേ സ്വപ്നം കണ്ട കാര്യം ഹമിദോ അറിയിച്ചത്.
ഇതേ തുടര്‍ന്ന് താന്‍ ഇനി അധിക കാലമുണ്ടാവില്ലെന്നും കുടുംബത്തിന്റെ ഭാരം നീ നോക്കണമെന്നും അസ്മയെ പറഞ്ഞേല്‍പ്പിച്ചിരുന്നു. ഈജിപ്തിലെ കുടുംബ വീടിനരികത്ത് തന്നെ അടക്കണമെന്നതായിരുന്നു ഹമിദോയുടെ അവസാന ആഗ്രഹം. ഇതുപ്രകാരം മൃതദേഹങ്ങള്‍ ഈജിപ്തിലേക്കു കൊണ്ടു പോയി കുടുംബ ഖബറിടത്തില്‍ അടക്കം ചെയ്തു.
Father, son who drowned at The Pearl – Qatar last Thursday leave behind a heart-wrenching story