X
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് കലാശക്കൊട്ട് ഇന്ന്: ആവേശപ്പോരാട്ടത്തിന് സാക്ഷിയാവാനൊരുങ്ങി ഖത്തര്‍

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് കലാശക്കൊട്ട് ഇന്ന്: ആവേശപ്പോരാട്ടത്തിന് സാക്ഷിയാവാനൊരുങ്ങി ഖത്തര്‍

personGulf Malayaly access_timeSaturday December 21, 2019
HIGHLIGHTS
ഫിഫ വേള്‍ഡ് കപ്പില്‍ വമ്പന്‍മാര്‍ കൊമ്പുകോര്‍ക്കുന്നതിന് സാക്ഷിയാവാനൊരുങ്ങി ഖത്തര്‍.

ദോഹ: ഫിഫ വേള്‍ഡ് കപ്പില്‍ വമ്പന്‍മാര്‍ കൊമ്പുകോര്‍ക്കുന്നതിന് സാക്ഷിയാവാനൊരുങ്ങി ഖത്തര്‍. ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന കലാശപ്പോരില്‍ ലിവര്‍പൂളും ഫ്‌ളമിങോയും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 8.30ന് ആരംഭിക്കുന്ന മല്‍സരം വീക്ഷിക്കാനായി ഫ്‌ളമിങോ ആരാധകരായ നിരവധി പേരാണ് ബ്രസീലില്‍ നിന്നെത്തിയത്.

ഈ വര്‍ഷം ചാംപ്യന്‍സ് ലീഗ് കപ്പില്‍ മുത്തമിട്ട ലിവര്‍ പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ക്ലബ്ബ് വേള്‍ഡ് കപ്പ് കലാശപ്പോരിനൊരുങ്ങുന്നത്. ഡിസംബറില്‍ ലിവര്‍പൂളിന്റെ ഒമ്പതാമത്തെ മല്‍സരമാണ് ഇന്ന് ഫ്‌ളമിങോയ്‌ക്കെതിരേ നടക്കുന്നത്.

ലിവര്‍പൂള്‍ അവസാനമായി ഫ്‌ളമിങോയുമായി മുട്ടിയത് 1981ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലായിരുന്നു. അന്ന് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ മുട്ടുകത്തിയത്. അന്നത്തെ തോല്‍വിക്കു മധുരപ്രതികാരം നല്‍കാനുള്ള അവസരം കൂടിയാണ് ലിവര്‍ പൂളിനു മുന്നിലുള്ളത്.

ലിവര്‍പൂള്‍ കോച്ച് ജുര്‍ഗന്‍ ക്ലോപ്പ്

സാദിയോ മാനെ, ഫര്‍മിനോ, ട്രെന്റ് അല്‍ക്‌സ്‌കാണ്ടര്‍-അര്‍നോള്‍ഡ് എന്നിവര്‍ ടീമിലുണ്ടാവുമെന്നാണ് സൂചന. പ്രതിരോധ നിരയിലെ വിര്‍ജില്‍ വാന്‍ ജിക്, മിഡ്ഫീല്‍ഡീര്‍ ജോര്‍ജിനോ വിജ്‌നാല്‍ദും എന്നിവരും ടീമിലേക്ക് തിരിച്ചെത്തുമെന്ന് കോച്ച് ജുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു.

ഇന്ന് നടക്കുന്ന ഫൈനല്‍ മല്‍സരം നിയന്ത്രിക്കുന്നത് ഖത്തരി റഫറിമാരായിരിക്കുമെന്ന് ഫിഫ വെള്ളിയാഴ്ച്ച് പ്രഖ്യാപിച്ചിരുന്നു. അബ്ദുല്‍ റഹ്മാന്‍ അല്‍ ജാസിം ആയിരിക്കും പ്രധാന റഫറി. താലിബ് സാലിം, സഊദ് അഹ്മദ് എന്നിവര്‍ അസിസ്റ്റ് ചെയ്യും. അല്‍ജീരിയക്കാരനായ മുസ്തഫ ഗര്‍ബല്‍ ആണ് നാലാം റഫറി.

SHARE :
folder_openTags
content_copyCategory