ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോക കപ്പ് ഫുട്ബോളിന്റെ ഷെഡ്യൂള്‍ തയ്യാറായി. 2022 നവംബര്‍ 21ന് അല്‍ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം. ഡിസംബര്‍ 18 ഖത്തര്‍ ദേശീയ ദിനത്തില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ കലാശപ്പോരാട്ടം നടക്കും. ഗ്രൂപ്പ് സ്റ്റേജില്‍ നാല് മല്‍സരങ്ങള്‍ ഉള്‍പ്പെടെ കളിയാരാധകര്‍ക്ക് ഉല്‍സവ അന്തരീക്ഷമാണ് ഖത്തര്‍ ഒരുക്കുന്നത്.
2018 ജൂലൈ 15ന് ഫ്രാന്‍സ് ഫിഫ ലോക കപ്പ് ഉയര്‍ത്തിയതിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയാണ് ഇന്ന് അടുത്ത ലോക കപ്പിനുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
60,000 പേര്‍ക്കിരിക്കാവുന്ന നാടോടി ടെന്റ് മാതൃകയിലുള്ള അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ 2022 നവംബര്‍ 21ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്കാണ് ടൂര്‍ണമെന്റിന്റെ കിക്കോഫ്. ഗ്രൂപ്പ് മാച്ചുകള്‍ ഉച്ചയ്ക്ക് ശേഷം 1 മണി, 4 മണി, 7 മണി, 10 മണി എന്നിങ്ങനെയാണ് നടക്കുക. അവസാന റൗണ്ട് ഗ്രൂപ്പ് മല്‍സരങ്ങളും നോക്കൗട്ട് മല്‍സരങ്ങളും വൈകീട്ട് 6നും 10നും ആയാണ് നടക്കുക. പ്ലേ ഓഫ് മല്‍സരം ഡിസംബര്‍ 17ന് ഖലീഫ സ്റ്റേഡിയത്തിലാണ്. കലാശക്കളി ലുസൈല്‍ സ്റ്റേഡിയത്തില്‍ 80,000 കാണികളെ സാക്ഷി നിര്‍ത്തി വൈകീട്ട് 6ന് ആരംഭിക്കും.
ടീമുകള്‍ക്ക് ആവശ്യത്തിന് റസ്റ്റ് ലഭിക്കും വിധം ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങള്‍ 12 ദിവസമായാണ് നടക്കുക. ദിവസം നാല് മല്‍സരങ്ങള്‍. വിമാന യാത്രയില്ലാതെ തന്നെ ഒരു സ്റ്റേഡിയത്തില്‍ നിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്ക് അടുത്ത മല്‍സരത്തിനായി എത്താമെന്ന പ്രത്യേകതയും ഖത്തറിലെ ടൂര്‍ണമെന്റിന് ഉണ്ട്.
FIFA World Cup Qatar 2022 match schedule is out, Al Bayt Stadium to host the opening match on 21 November!