
ഖത്തറില്‍ ആദ്യ ഇന്ത്യന്‍ യൂനിവേഴ്സിറ്റി കാംപസ് വരുന്നു
ദോഹ: ഖത്തറില്‍ ആദ്യമായി ഒരു ഇന്ത്യന്‍ യൂനിവേഴ്സിറ്റിയുടെ കാംപസ് വരുന്നു. സാവിത്രിഭായി ഫൂലെ പൂനെ യൂനിവേഴ്സിറ്റി(പുനെ യൂനിവേഴ്സിറ്റി)യുടെ കാംപസാണ് ഖത്തറിലെത്തുന്നത്. ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഡിപിഎസ്-എംഐഎസുമായി സഹകരിച്ചാണ് ഖത്തറില്‍ യൂനിവേഴ്സിറ്റി കാംപസ് ആരംഭിക്കുന്നത്. ന്യൂഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ സാവിത്രിഭായി ഫൂലെ പൂനെ യൂനിവേഴ്സിറ്റി(എസ്പിപിയു) വൈസ് ചാന്‍സലര്‍ ഡോ. നിതിന്‍ കര്‍മാക്കര്‍, മൈല്‍ സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷന്‍ ചെയര്മാന് അലി എ ലത്തീഫ് അല്‍ മിസ്നദ് എന്നിവര്‍ തമ്മില്‍ ഇന്ന് രാവിലെ കരാറൊപ്പിട്ടു. എസ്പിപിയു രജിസ്ട്രാര്‍ ഡോ. പ്രഫുല്ല പവാര്‍, മൈല്‍സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ഹസന് ചൗഗ്ലെ, ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഖാത്തര്‍, ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്റാഹിം അല്‍ നുഐമി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ആര്‍ട്സ്, സയന്‍സ്, കൊമേഴ്സ്, ലിബറല്‍ ആര്‍ട്സ് വിഭാഗങ്ങളിലായി അടുത്ത വര്‍ഷം തന്നെ കോളജുകള്‍ ആരംഭിക്കുമെന്ന് ഹസന് ചൗഗ്ലെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഡിപിഎസ്-എംഐഎസ് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ നിലവില്‍ രണ്ട് സ്കൂളുകളും ഒരു കിന്റര്‍ ഗാര്‍ട്ടനും ഡിപിഎസിന്റേതായുണ്ട്. ഡിപിഎസിന്റെ രണ്ടാമത്തെ കാംപസായ ഡിപിഎസ് മൊണാര്‍ക്ക് ഇന്റര്‍നാഷനല്‍ സ്കൂള്‍ കഴിഞ്ഞയാഴ്ച്ചയാണ് ഉദ്ഘാടനം ചെയ്തത്.
1949ല്‍ മഹരാഷ്ട്രയില്‍ സ്ഥാപിതമായ പുനെ യൂനിവേഴ്സിറ്റി ഇന്ത്യയിലെ മികച്ച ഏഴാമത്തെ യൂനിവേഴ്സിറ്റിയാണ്. 2014ലാണ് യൂനിവേഴ്സിറ്റിയുടെ പേര് സാമൂഹിക പരിഷ്കര്‍ത്താവായ സാവിത്രിഭായി ഫൂലെയുടെ നാമത്തിലാക്കിയത്. നിലവില്‍ പൂനെ യൂനിവേഴ്സിറ്റിയില്‍ 43 ഡിപാര്‍ട്ട്മെന്റുകളും 433 അഫിലിയേറ്റഡ് കോളജുകളും ഉണ്ട്. അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ വിവിധ കോഴ്സുകളിലായി പഠിക്കുന്നുണ്ട്.
ആദ്യ ഇന്ത്യന്‍ യൂനിവേഴ്സിറ്റി വരുന്നതോടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഭാഗിക പരിഹാരമാവും. നിലവില്‍ സിബിഎസ്ഇ സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പ്ലസ് ടുവിന് ശേഷം നാട്ടിലെത്തിയാണ് പഠനം തുടരുന്നത്.